നിതീഷ് കുമാര്‍ തന്റെ വസതിയിലേക്ക് പ്രേതങ്ങളെ തുറന്ന് വിട്ടെന്ന് തേജ് പ്രതാപ് യാദവ്

tejpratahap

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കാരണമാണ് താന്‍ ഔദ്യോഗിക വസതിയില്‍ നിന്നും മാറിയതെന്നാരോപണവുമായി ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവ് രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് തേജ് പ്രതാപ് ഔദ്യോഗിക വസതിയില്‍ നിന്ന് താമസം മാറ്റിയത്.

നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും ചേര്‍ന്ന് തന്റെ ഔദ്യോഗക വസതിയിലേക്ക് പ്രേതങ്ങളെ തുറന്നുവിട്ടെന്നാണ് തേജ് പ്രതാപ് പറയുന്നത്. അതിനാലാണ് ഞാന്‍ വസതി ഒഴിയാന്‍ തീരുമാനിച്ചത്. പ്രേതങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണ് തേജ് പ്രതാപ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആര്‍ജെഡി-ജെ ഡി(യു)-കോണ്‍ഗ്രസ് സഖ്യം രൂപവത്കരിച്ച, നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു തേജ് പ്രതാപ്. എന്നാല്‍, പിന്നീട് നിതീഷ് കുമാര്‍ സഖ്യം വിടുകയും ബി ജെ പിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയുമായിരുന്നു. ദേശ്‌രത്‌ന മാര്‍ഗിലാണ് തേജ് പ്രതാപിന് ഔദ്യോഗിക വസതി അനുവദിച്ചിരുന്നത്.

ഔദ്യോഗിക വസതി ഒഴിയണമെന്ന് തേജ് പ്രതാപ് ഉള്‍പ്പെടെയുള്ളവരോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുന്‍ ആര്‍ ജെ ഡി മന്ത്രിമാര്‍ പട്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നു.വസതികള്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു.തുടര്‍ന്ന്, താമസക്കാരോട് വിപണി നിരക്കില്‍ വാടക നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തേജ് പ്രതാപ് യാദവിന്റെ ആരോപണങ്ങളെ ജെഡി(യു) തള്ളിക്കളഞ്ഞു. ശ്രദ്ധ ആകര്‍ഷിക്കാനുള്ള തേജ് പ്രതാപിന്റെ തന്ത്രമാണ് ഇതെന്നും ജെഡി(യു) പ്രതികരിച്ചു.

Top