ബീഹാര്‍ : ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണയായതായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. 17 സീറ്റില്‍ ആര്‍ജെഡിയും 11ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും. സീറ്റ് ധാരണ മഹാ സഖ്യവുമായി ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 40 ലോക്‌സഭ സീറ്റുള്ള ബീഹാറില്‍ 17 സീറ്റില്‍ ആര്‍.ജെ.ഡി മത്സരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും.
എന്‍.ഡി.എ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് 4 ഉം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച , വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍ജെഡി എന്നിവക്ക് 1 സീറ്റും വീതം നല്‍കാനാണ് ധാരണ എന്നാണ് വിവരം. ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും. ഏപ്രില്‍ 11നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. 7 ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.