കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചുപൂട്ടാനുള്ള മാനേജ്മെന്റ് തീരുമാനത്തിമനെതിരെ ആഞ്ഞടിച്ച് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി. ഇന്ന് മീഞ്ചന്തയിലെ പത്രം ഓഫീസില്‍ മാനേജ്മെന്റ് വിളിച്ചു ചേര്‍ത്ത ജീവനക്കാരുടെ യോഗത്തിലാണ് ചെക്കുട്ടിയുടെ രൂക്ഷപ്രതികരണം. നിങ്ങള്‍ വെട്ടിയത് എന്റെ വലതുകൈയ്യാണെന്ന് ചെക്കുട്ടി പറഞ്ഞു.
ബസില്‍ ഓഫീസിലെത്തുന്ന എഡിറ്ററാണ് ഞാന്‍. ദിവസം 12 രൂപയേ എന്റെ യാത്രാ ചെലവു വരൂ. എനിക്ക് ആ പണം മതി. സാമ്പത്തിക ബാധ്യതയുടെ പേരില്‍ പത്രം അടച്ചുപൂട്ടുകയാണെന്ന മാനേജ്മെന്റ് തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത ചെക്കുട്ടി വീട്ടില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ മക്കളെ ഉപേക്ഷിച്ചുപോകുന്ന അമ്മയെപ്പോലെയാണ് മാനേജ്മെന്റ് അതിന്റെ ജീവനക്കാരെ കൈവിടുന്നതെന്നും വികാരാധീനനായി.
പത്രത്തിന് അവധി നല്‍കി വാര്‍ഷിക യോഗമെന്ന പേരില്‍ കോഴിക്കോട് യൂണിറ്റ് ഓഫീസിലേക്കു വിളിച്ചു വരുത്തിയാണ് മാനേജ്മെന്റ് പത്രം അടച്ചുപൂട്ടുന്ന വിവരം ജീവനക്കാരെ നാടകീയമായി അറിയിച്ചത്. പോപുലര്‍ ഫ്രണ്ട് നേതാവും ഇന്റര്‍ മീഡിയ പബ്ലിക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാനുമായ നാസറുദ്ദീന്‍ എളമരമാണ് സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ പത്രത്തിന് നിലനില്‍ക്കാനാവനില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷം ഡിസംബര്‍ 31 നുശേഷം പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള മാനേജ്മെന്റ് തീരുമാനം അറിയിച്ചത്.
ചര്‍ച്ചയില്‍ പങ്കെടുത്ത് ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ അംഗങ്ങള്‍ മാനേജ്മെന്റ് തീരുമാനത്തോട് ശക്തമായി വിയോജിച്ചു. പലരും വികാരാധീനരായി. വേണമെങ്കില്‍ 20 ശതമാനം ശമ്പളം വെട്ടിക്കുറക്കാമെന്നും ജീവനക്കാര്‍ പറഞ്ഞു. രാവിലെ 11ന് തുടങ്ങി ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം മൂന്നു മണിവരെ നീണ്ട യോഗത്തിന്റെ അവസാനത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുകയാണെന്നും ഡിസംബര്‍ 31ന് പത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്നും ജീവനക്കാരെ മാന്യമായി പിരിച്ചുവിടുമെന്നും പത്രത്തിന്റെ എഡിറ്റര്‍ കെ.എച്ച് നാസര്‍ അറിയിച്ചു. അതേസമയം യോഗത്തില്‍ മാനേജിങ് എഡിറ്റര്‍ പ്രഫ. പി.കോയ എത്തിയിരുന്നില്ല. തേജസ് ദ്വൈവാരിക ജനുവരി മുതല്‍ വാരികയാക്കിമാറ്റും. തേജസ് ഓണ്‍ലൈന്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് മാനേജ്മെന്റിന്റെ പദ്ധതി. ജേര്‍ണലിസ്റ്റുകളും നോണ്‍ ജേര്‍ണലിസ്റ്റുകളുമായി നാനൂറോളം ജീവനക്കാരാണ് തേജസിനുള്ളത്.
തീവ്രവാദം ആരോപിച്ച് സംസ്ഥാന സര്‍ക്കാരും പിന്നീട് കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിനു നിഷേധിച്ചിരുന്നു. 1997ല്‍ എന്‍.ഡി.എഫിന്റെ മുഖമാസികയായാണ് പ്ര.ഫ പി. കോയ എഡിറ്ററായി തേജസ് പ്രസിദ്ധീകരണമാരംഭിച്ചത്. പിന്നീട് ദ്വൈവാരികയായും ദ്വൈവാരിക നിലനിര്‍ത്തികൊണ്ടുതന്നെ 2006 ജനുവരി 26ന് കോഴിക്കോടുനിന്നും തേജസ് പത്രം ആരംഭിക്കുകയുമായിരുന്നു. ഇടതുസഹയാത്രികനും കൈരളി ചാനല്‍ വാര്‍ത്താവിഭാഗം മേധാവിയുമായിരുന്ന എന്‍.പി ചെക്കുട്ടിയാണ് തേജസിന്റെ എഡിറ്ററായി വന്നത്.
വാര്‍ത്തകളിലും നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത തേജസിന്റെ ഇടപെടലുകള്‍ മാധ്യമലോകത്ത് ശ്രദ്ധേയമായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ സണ്‍ഡേ സപ്ലിമെന്റായ ആഴ്ചവട്ടവം ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷ, ദലിത് അവകാശങ്ങള്‍ തേജസ് ഉയര്‍ത്തിപ്പിടിച്ചിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ക്ക് അപ്പുറത്ത് പോപുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളും തീവ്രവാദ ബന്ധമെന്ന ആരോപണങ്ങളുമാണ് തേജസിന്റെ നില പരുങ്ങലിലാക്കിയത്. കൈവെട്ടു കേസിനു പിന്നാലെ തേജസ് ജീവനക്കാരന്‍ ഐ.എസില്‍ ചേരാന്‍പോയതും കനകമലയിലെ തീവ്രവാദയോഗവുമെല്ലാം തേജസിനെ പ്രതികൂട്ടിലാക്കി. ഏറ്റവും ഒടുവില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണകൊലപാതകത്തില്‍ കാംപസ് ഫ്രണ്ടും പോപുലര്‍ ഫ്രണ്ടും പ്രതികൂട്ടിലായതും പത്രത്തിനു തിരിച്ചടിയായി.
സര്‍ക്കാര്‍ പരസ്യനിഷേധത്തോടെ പ്രതിവര്‍ഷം ശരാശരി മൂന്നു കോടി രൂപയുടെ നഷ്ടമാണ് മാനേജ്മെന്റ് വഹിച്ചിരുന്നത്. ന്യൂസ്പ്രിന്റ് വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധിച്ചതോടെ ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തിച്ചേരുകയായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നില്ല. തേജസ് അടച്ചുപൂട്ടുന്ന വിവരം ഇന്ന് മാനേജ്മെന്റ് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം നടത്തി ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേ സമയം പത്രം തുടര്‍ന്നും നടത്താനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്.