തെലുങ്കാനയിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: മുഹമ്മദ് മഹ്മൂദ് അലി

ഹൈദരാബാദ്: കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ പഞ്ചാബും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്
ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലി.

ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്. ജനങ്ങളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കിറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ലെന്നും അതിനാല്‍ ഇവിടെ എന്‍.ആര്‍.സി നടപ്പാക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാം. എന്നാല്‍ ഈ രാജ്യത്തെ ജനങ്ങളെ എന്തിനാണ് ലക്ഷ്യംവെക്കുന്നത്? അവരെ ബുദ്ധിമുട്ടിലാക്കുന്നത്? കാലങ്ങളായി ഇവിടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. എല്ലാവരും ജനന സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരല്ല. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കിറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ല. തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് വാഗ്ദാനം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ് പാര്‍ട്ടിയെന്ന് തെലങ്കാന ഐടി മന്ത്രി കെ.ടി.രാമറാവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം മുഖ്യമന്ത്രി ഇതുവരെ പൗരത്വ നിയമ ഭേദഗതിയെപ്പെറ്റി പ്രതികരിച്ചിട്ടില്ല.

Top