പാറ്റ്‌ന: മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബീഹാറിലെ മറ്റൊരു അഭയ കേന്ദ്രത്തില്‍ നിന്നും 11 അന്തേവാസികളെ കാണാനില്ലെന്ന് പരാതി.
മുസഫര്‍പൂര്‍ കേസില്‍ മുഖ്യപ്രതിയായ ബ്രിജേഷ് താക്കൂര്‍ നടത്തുന്ന സ്വാധര്‍ ഗൃഹ് എന്ന അഭയകേന്ദ്രത്തില്‍ നിന്നാണ് 11 പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. അന്തേവാസികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്ന തരത്തില്‍ കോണ്ടം, ലൈംഗിക ഉത്തേജക മരുന്നുകള്‍, മദ്യക്കുപ്പികള്‍ തുടങ്ങി നിരവധി സംശയകരമായ വസ്തുക്കള്‍ പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടൊപ്പം കമ്പ്യൂട്ടറുകളും ചില രേഖകളും പൊലീസ് പിടികൂടിയിട്ടുണ്ട്.
സാമൂഹിക ക്ഷേമ വിഭാഗം മാര്‍ച്ച് 20ന് നടത്തിയ പരിശോധനയില്‍ ഇവിടെ 11 അന്തേവാസികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ ഒമ്പതിന് അഭയകേന്ദ്രം അടച്ചു പൂട്ടിയെന്നും അന്തേവാസികളെ കാണാനില്ലെന്നും സാമൂഹിക ക്ഷേമ വിഭാഗം അധികൃതര്‍ അറിഞ്ഞിരുന്നു. പക്ഷേ, 52 ദിവസം വൈകിയാണ് അധികൃതര്‍ പരാതി നല്‍കിയത്. ഇത് സംശയാസ്പദമാണെന്ന് വനിതാ കമ്മീഷന്‍ ആരോപിച്ചു.
അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ അന്തേവാസികളെ കാണാതായത് എങ്ങനെയെന്നതിന് സാമൂഹിക ക്ഷേമ വിഭാഗം മറുപടി നല്‍കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.