ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നടത്തുന്ന പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്ന് സൂചന.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയോടെ ഡല്‍ഹിയില്‍ നിന്ന് ചൈനയ്ക്ക് പുറപ്പെടും. ഇതിന് മുന്‍പ് രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കും.
കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു കഴിഞ്ഞു. തൊഴില്‍മന്ത്രി ദത്താത്രേയയാണ് ഒടുവില്‍ രാജിവച്ചത്.
മികച്ച മന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുക, മോശം പ്രകടനം നടത്തിയവര്‍ക്ക് പകരം പുതിയ ആളുകളെ ഉള്‍പ്പെടുത്തുക എന്നതിനോടൊപ്പം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് മോദിയും അമിത് ഷായും മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്.
ഭരണഘടന പ്രകാരം മന്ത്രിസഭയില്‍ 81 അംഗങ്ങള്‍ വരെ ആകാമെന്നാണ്. നിലവില്‍ മോദി മന്ത്രിസഭയില്‍ 73 പേരാണുള്ളത്. ഇതോടൊപ്പം രാജിവച്ചവര്‍ക്കും പകരം ആളുകളെ കണ്ടെത്തണം. പുതുതായി എന്‍ഡിഎയിലെത്തിയ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.
ബിജെപിയില്‍ നിന്നും നിരവധി നേതാക്കളുടെ പേര് മന്ത്രിസഭയിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനയ് സഹസ്രബുദ്ധ, മുന്‍മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹരീഷ് ദ്വിവേദി, പ്രഹല്‍ദ് ജോഷി, സുരേഷ് അഗടി. കര്‍ണാടകയില്‍ നിന്നുള്ള ശോഭ കരന്തലാജെ, മധ്യപ്രദേശില്‍ നിന്നുള്ള പ്രഹല്‍ദ് ജാ, രാകേഷ്‌സിംഗ്, പ്രഹല്‍ദ് പട്ടേല്‍ ബീഹാറില്‍ നിന്നുള്ള അശ്വിനി ചൗബരി, ഡല്‍ഹിയില്‍ നിന്നുള്ള മഹേഷ് ഗിരി എന്നിവര്‍ മന്ത്രിസഭയില്‍ ഇടംനേടും എന്നാണ് പറയപ്പെടുന്നത്.
അതേസമയം ഉപരിതല ഗതാഗതം, തുറമുഖം, റെയില്‍വേ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് ഗതാഗതവകുപ്പ് രൂപീകരിക്കണമെന്ന നിര്‍ദേശം ഇക്കുറി മോദി നടപ്പാക്കുമോ എന്നതും പുന:സംഘടനയില്‍ ഉറ്റുനോക്കപ്പെടുന്നുണ്ട്.