ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ഗുരുവിന് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണെന്ന് പി.ചിദംബരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ മുഖാമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടുമ്പോള്‍ ഭരിച്ചിരുന്ന യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പും സാമ്പത്തിക വകുപ്പും ചിദംബരം കൈകാര്യം ചെയ്തിട്ടുണ്ട്.
2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നുവെന്ന കാര്യത്തില്‍ അന്നേ സംശയമുണ്ടായിരുന്നു. മന്ത്രിസഭയുടെ ഭാഗമായി നില്‍ക്കെ കോടതി വിധിപ്രകാരം സര്‍ക്കാര്‍ ഒരാളുടെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷെ ഒരു വ്യക്തിയെന്ന നിലയിലാണ് ഇപ്പോള്‍ തന്റെ അഭിപ്രായം തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2008 മുതല്‍ 2012 വരെ ചിദംബരം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2001ലാണ് അഫ്‌സല്‍ ഗുരു പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 2013ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുകയും ചെയ്തു. അന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെയായിരുന്നു ആഭ്യന്തര മന്ത്രി. വധശിക്ഷക്ക് പകരം അഫ്‌സലിന് പരോളില്ലാത്ത ജീവപര്യന്ത ശിക്ഷ നല്‍കിയാല്‍ മതിയായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു.