‘തലൈവര്‍ 171′ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തില്‍ ശിവ കാര്‍ത്തികേയനും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലേക്കായി അണിയറപ്രവര്‍ത്തകര്‍ ശിവകാര്‍ത്തികേയനെ സമീപിച്ചുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അതിഥി വേഷത്തിലാകും ശിവ കാര്ത്തികേയന് എത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രജനികാന്തിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹവുമൊത്ത് സിനിമ ചെയ്യാനായി താന്‍ കാത്തിരിക്കുകയാണെന്നും ശിവ കാര്ത്തികേയന് മുന്‍പ് പറഞ്ഞിട്ടുണ്ട്.
സയന്‍സ് ഫിക്ഷന്‍ ശ്രേണിയില്‍പ്പെട്ട ‘അയലാന്’ ആണ് ശിവ കാര്ത്തികേയന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാകുല്‍ പ്രീത് ആണ് നായിക. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ആര്. രവികുമാര്‍ ആണ് ‘അയലാന്’ ഒരുക്കുന്നത്.
‘തലൈവര്‍ 171’ സണ്‍ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലുള്‍പ്പെട്ട ചിത്രമായിരിക്കില്ല ‘തലൈവര്‍ 171’ എന്ന് സംവിധായകന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.