കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് തുടര്‍ച്ചയായി വീണ്ടും അഞ്ച് ഇടങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് സുരക്ഷ ഏജന്‍സിയുടെ മുന്നറിയിപ്പ്. സൈനിക വേഷത്തില്‍ വാനിലെത്തുന്ന ചാവേറുകള്‍ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും ആക്രമണം നടത്തുകയെന്നും ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഇതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചാവേര്‍ ആക്രമണം നടന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ബറ്റികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലൊന്നായി സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച ആക്രമണം നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ ആഷു മരസിംഗയാണ് ആവശ്യപ്പെട്ടത്. ശ്രീലങ്കയുടെ ജനസംഖ്യയില്‍ പത്ത് ശതമാനവും മുസ്ലീങ്ങളാണ്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.