നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടുണ്ട്; രാഘവ ലോറന്‍സ്

സിനിമയുടെ തുടക്കകാലത്ത് നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടുണ്ടെന്ന് നടന്‍ രാഘവ ലോറന്‍സ്. ഗ്രൂപ്പ് ഡാന്‍സറായി ജോലി ചെയ്യുന്ന സമയത്ത് മുന്‍ നിരയില്‍ നിന്ന് തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് ലോറന്‍സ് പറയുന്നു. പുതിയ സിനിമയായ ‘ജിഗര്‍താണ്ട 2’ സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഗര്‍താണ്ട 2 ട്രെയിലറില്‍ പറയുന്ന നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. ഇതിനു പിന്നാലയാണ് ലോറന്‍സിന്റെ വെളിപ്പെടുത്തല്‍. ”നിറത്തിന്റെ വേര്‍ തിരിവ് തമിഴ് സിനിമയില്‍ ഇപ്പോഴില്ല. എന്നാല്‍ ഉണ്ടായിരുന്നു. ഞാന്‍ ഗ്രൂപ്പ് ഡാന്‍സര്‍ ആയിരുന്ന കാലത്ത്. പ്രഭുദേവ മാസ്റ്റര്‍ വന്നതോടെയാണ് അതൊക്കെ മാറുന്നത്. അതിന് മുമ്പ് എന്നെ കറുത്ത പട്ടി എന്നെല്ലാം വിളിച്ചിട്ടുണ്ട്. പിന്നിലേക്ക് പോയി നില്‍ക്കൂവെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വരിയില്‍ നിന്നാല്‍ പോലും പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുമായിരുന്നു.”ലോറന്‍സ് പറഞ്ഞു.

നടന്‍ ഷൈന്‍ ടോം ചാക്കോയും വേദിയിലുണ്ടായിരുന്നു. ഷൈന്‍ സിനിമയിലെ ഒരു പ്രധാന വേഷത്തില്‍ ഷൈനുമെത്തുന്നുണ്ട്. രജനികാന്തിന് ശേഷവും ഇങ്ങനെയുണ്ടോ എന്ന് ഷൈന്‍ ചോദിക്കുന്നുണ്ട്. അതിന് മറുപടി നല്‍കിയത് എസ്.ജെയ സൂര്യയായിരുന്നു. അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത് ഗ്രൂപ്പ് ഡാന്‍സര്‍ ആയിട്ടാണ്. അന്ന് ആദ്യത്തെ നിരയില്‍ നില്‍ക്കുകയാണെങ്കില്‍ മാസ്റ്റര്‍ അദ്ദേഹത്തോട് നീ കറുത്തിട്ടാണ് പുറകിലേക്ക് മാറി നില്‍ക്കൂവെന്ന് പറയുമായിരുന്നുവെന്നാണ് എസ്.ജെ. സൂര്യ പറഞ്ഞു.

”പക്ഷേ പ്രഭുദേവ സര്‍ വന്നതോടെ മാറി. കഴിവിന് മാത്രമാണ് വില എന്നായി. ചിത്രത്തിലെ ഈ ഡയലോഗ് എനിക്ക് ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എത്രതവണ ഞാനിത് കേട്ടിട്ടുണ്ട്. പക്ഷേ അന്ന് കറുപ്പാണെന്ന് പറഞ്ഞവരില്ലേ, അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ എത്തില്ലായിരുന്നു. അതിനാല്‍ അവര്‍ക്കും നന്ദി പറയുന്നു.”ലോറന്‍സ് വ്യക്തമാക്കി.

Top