തിരിച്ചടിയുടെ മുന്നറിയിപ്പു തന്നെയാണിതെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് . . !

ന്യൂഡല്‍ഹി : കേരള സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാര്‍ മുന്നിറിയിപ്പ്. മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ടു പോയില്ലങ്കില്‍ സംസ്ഥാനത്ത് വലിയ ‘പ്രത്യാഘാത’ത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഐ.ബി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് ഈ ജാഗ്രതാ നിര്‍ദേശം.

മണ്‍സൂണ്‍ കാലങ്ങളില്‍ കാടുവിട്ട് പരിശീലനത്തിനായി പോകുന്ന പതിവ് തെറ്റിച്ച് വയനാട്ടില്‍ മാവോയിസ്റ്റുകള്‍ മുന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ സംഭവം ഒരു മുന്നറിയിപ്പായി കണ്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് കേന്ദ്ര നിലപാട്.

കേരള പൊലീസിനും തണ്ടര്‍ ബോള്‍ട്ടിനും അതിന് കഴിയില്ലങ്കില്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്ര സേനയെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Maoist attack

ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാവോയിസ്റ്റുകള്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ സി.പി.ഐ മാവോയിസ്റ്റ് താത്വികന്‍ കുപ്പുദേവരാജിനെയും അജിതയെയും വെടിവെച്ചു കൊന്ന കേരള പോലീസിനു നേരെ പ്രത്യാക്രമണ സാധ്യതയുണ്ടെന്നും മാവോയിസ്റ്റ് വേട്ടയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കണമെന്നും ഐ.ബി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കബനി, ഭവാനി, നാടുകാണി ദളങ്ങള്‍ കേരളത്തില്‍ ശക്തമാണ്. വയനാട്, നിലമ്പൂര്‍, അട്ടപ്പാടി മേഖലകളിലും മാവോയിസ്റ്റ് സ്വാധീനമുണ്ട്.

WhatsApp Image 2018-07-21 at 1.59.22 PM

2016 നവംബര്‍ 25ന് കരുളായി ഉള്‍വനത്തില്‍ വരയന്‍മലയിലെ മാവോയിസ്റ്റ് ക്യാമ്പിനു നേരെയുണ്ടായ വെടിവെപ്പിലാണ് കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത്. ഇവരുടെ ചോരക്ക് പകരം ചോദിക്കുമെന്ന് സി.പി.ഐ മാവോയിസ്റ്റ് ഭീഷണി ഉയര്‍ത്തിയിരുന്നു. വരയന്‍മലയിലെ ബേസ് ക്യാമ്പിലെത്തി രക്തസാക്ഷിത്വ അനുസ്മരണം നടത്താന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.

അനുകൂല സമയംവരെ കാത്തിരുന്ന് പ്രത്യാക്രമണം നടത്തുന്നതാണ് മാവോയിസ്റ്റുകളുടെ രീതി. കേരള, തമിഴ്‌നാട് വനങ്ങളില്‍ മണ്‍സൂണ്‍ മഴക്കാലത്ത് കാട് ഉപേക്ഷിച്ച് വടക്കു കിഴക്കന്‍ മേഖലകളിലെ ക്യാമ്പുകളില്‍ പരിശീലനവും തന്ത്രങ്ങളും രൂപപ്പെടുത്തലാണ് മാവോയിസ്റ്റുകളുടെ രീതി.

കോരിച്ചെരിയുന്ന കാലവര്‍ഷത്തിലും വയനാട്ടില്‍ തൊഴിലാളികളെ ബന്ദിയാക്കിയ നടപടി ലാഘവത്തോടെ കാണേണ്ടെന്നും പ്രത്യാക്രമണത്തിന് തയ്യാറായാണ് മാവോയിസ്റ്റുകള്‍ പ്രതികൂല സാഹചര്യത്തിലും കാട്ടില്‍ തങ്ങുന്നതെന്ന നിഗമനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പും ഇപ്പോള്‍ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Maoist attack

വനത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘങ്ങള്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വയനാട്ടില്‍ നിന്നും നിലമ്പൂരിലേക്കും തമിഴ്‌നാട് നീലഗിരി മേഖലയിലേക്കും അട്ടപ്പാടിയിലേക്കും കാട്ടുവഴികളിലൂടെ എളുപ്പം കടക്കാനാവും. വയനാട്ടില്‍ ബന്ദിയാക്കിയ മാവോയിസ്റ്റുകള്‍ നിലമ്പൂരിലേക്കു കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഇവര്‍ക്കായി നിലമ്പൂര്‍ വനമേഖലയില്‍ തെരച്ചിലിനായി മറ്റൊരുസംഘം തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം വയനാട്ടിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമന്‍, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്ന് ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി പറഞ്ഞു. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകള്‍ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്.

Maoist

ശനിയാഴ്ച രാവിലെ മുതല്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. വരുംദിവസങ്ങളിലും തിരച്ചില്‍ തുടരും.

വനാതിര്‍ത്തിയില്‍ നിര്‍മാണത്തിലുള്ള റിസോര്‍ട്ട് കെട്ടിടത്തിന്റെ മാര്‍ബിള്‍ പണിയിലേര്‍പ്പെട്ട ബംഗാള്‍ സ്വദേശികളായ അലാവുദ്ദീന്‍, മഖ്ബൂല്‍, മുഖിം ശൈഖ് എന്നിവരുടെയടുത്താണ് വെള്ളിയാഴ്ച വൈകീട്ട് ആറിന് നാലുപേരടങ്ങിയ സായുധസംഘമെത്തിയത്. മുഖിം ശൈഖ് സംഘത്തിന്റെ പിടിയില്‍നിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേര്‍ ബന്ദികളാക്കപ്പെട്ടു. ഇതിനിടെ മുഖിം ഫോണിലൂടെ എസ്‌റ്റേറ്റ് മാനേജരെ വിവരം അറിയിച്ചു. പിന്നാലെ മലയാളം അറിയുന്ന ആരെയെങ്കിലും കൂട്ടിവരാന്‍ പറഞ്ഞ് മഖ്ബൂലിനെ മാവോവാദികള്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍, ആരെയും കാണാതായതോടെ രാത്രി 10ഓടെ അലാവുദ്ദീനെയും ഉപേക്ഷിച്ച് സംഘം സ്ഥലംവിട്ടതായാണ് തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയത്.

maoist

പ്രദേശത്തുനിന്ന് രാത്രി രണ്ട് റൗണ്ട് വെടിയൊച്ച കേട്ടതായി തൊഴിലാളികള്‍ മൊഴി നല്‍കിയെന്നും സൂചനയുണ്ട്. മോചിപ്പിക്കപ്പെട്ടവരെ ചോദ്യംചെയ്യാന്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് കൊണ്ടുപോയിരുന്നു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിക്രം ഗൗഡയും സോമനും നേതൃത്വംനല്‍കുന്ന മാവോവാദി സംഘമാണ് കള്ളാടിയിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്കുശേഷമാണ് ജില്ലയില്‍ മാവോവാദികള്‍ പ്രത്യക്ഷപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളില്‍ അടുത്തിടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

Top