ദില്ലി: മുംബൈയില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ ഐക്യയോഗത്തെ പരിഹസിച്ച് ബിജെപി നേതാവ് സമ്പിത് പാത്ര. പ്രധാനമന്ത്രിയാകാനുള്ള കസേരകളിയാണ് നടക്കുന്നതെന്നാണ് സമ്പിത് പാത്രയുടെ പരിഹാസം. അഴിമതി കേസുകളില്‍നിന്നും രക്ഷപ്പെടാനാണ് നേതാക്കള്‍ കഷ്ടപ്പെടുന്നത്. ചന്ദ്രയാന്‍ 3 പോലെ മൂന്നാം തവണയും അധികാരത്തിലെത്തും.
കോണ്‍ഗ്രസിന്റെ മിസൈല്‍ ലോഞ്ച് ആകില്ലെന്നും അതില്‍ ഇന്ധനമില്ല, അതുകൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും സമ്പിത് പാത്ര വിമര്‍ശിച്ചു. അഹങ്കാരികളുടെ കൂട്ടായ്മയാണ് യോഗം ചേരുന്നത്. അഴിമതിയില്‍ നിന്നും പരമാവധി ലാഭം എന്നതാണ് യോഗത്തിന്റെ അജണ്ട. 20 ലക്ഷം കോടിയുടെ അഴിമതി നടത്തിയ പാര്‍ട്ടികളാണ് യോഗം ചേരുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. വിവിധ കമ്മിറ്റികളുടെ പ്രഖ്യാപനവും ഉണ്ടാവും.