റഷ്യയിലെ പുതിയ സംഭവ വികാസങ്ങള്‍ കമ്യൂണിസ്റ്റുകളുടെ തിരിച്ചുവരവിനു കാരണമാകുമോ എന്ന ഭയത്തിലാണിപ്പോള്‍ അമേരിക്ക. റഷ്യന്‍ ഭരണകൂടത്തിനെതിരായ വിമത നീക്കത്തില്‍നിന്നും വാഗ്നര്‍ ഗ്രൂപ്പും അതിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിനും പിന്‍മാറിയെങ്കിലും റഷ്യന്‍ സൈന്യത്തിലും ജനങ്ങളിലും ഭരണകൂടത്തിനെതിരെ ശക്തമായ അതൃപ്തി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. യുക്രെയിന്‍ – റഷ്യ യുദ്ധം നീണ്ടു പോകുന്നതും വലിയ രൂപത്തില്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നതുമാണ് ജനവികാരം പുടിന്‍ ഭരണകൂടത്തിനു എതിരെ തിരിയാന്‍ കാരണം.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മോസ് കോയില്‍ പ്രസിഡന്റ് മന്ദിരത്തെ ലക്ഷ്യമിട്ട് യുക്രെയിന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഭീകര ആക്രമണമായാണ് റഷ്യ വിശേഷിപ്പിച്ചിരുന്നത്. ‘തീക്കട്ടയില്‍ ഉറുമ്പരിച്ച’ ഇത്തരം സംഭവങ്ങള്‍ക്ക് അവസരമൊരുക്കിയത് റഷ്യന്‍ ഭരണകൂടത്തിന്റെയും സൈനിക നേതൃത്വത്തിന്റെയും പിടിപ്പുകേടു കൊണ്ടാണെന്നാണ് നല്ലൊരു വിഭാഗം സൈനികരും ജനങ്ങളും കരുതുന്നത്. ഇതിന്റെ പിന്നാലെ ഇപ്പോള്‍ വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞതും ഒടുവില്‍ വിമത നീക്കത്തില്‍ നിന്നും അവര്‍ പിന്‍മാറിയതും പുടിന്‍ ഭരണകൂടത്തിനു ആശ്വാസമാണെങ്കിലും വരാനിരിക്കുന്ന ഒരു വലിയ അട്ടിമറിയുടെ സാധ്യതയായാണ് അമേരിക്കന്‍ ഏജന്‍സികള്‍ ഈ സംഭവത്തെ നോക്കി കാണുന്നത്.
പുടിന്റെ പ്രേരണയില്‍ ഉണ്ടാക്കിയ കൂലിപ്പട്ടാളത്തെ തളയ്ക്കാന്‍ പുടിന്റെ തന്ത്രപരമായ നീക്കത്തോടെ കഴിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് രക്തം സിരകളില്‍ ഓടുന്ന സൈനികരുടെ പിന്‍മുറക്കാര്‍ ഒരു അട്ടിമറിക്കു തുനിഞ്ഞാല്‍ അത് റഷ്യയില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. പുടിന്‍ ഭരണകൂടം മാറി പുതിയ ഭരണകൂടം വരണമെന്ന ചിന്താഗതി പുതിയ തലമുറയിലും നിലവില്‍ ശക്തമാണ്.
1999 ഡിസംബര്‍ 31നാണ് പുടിന്‍ റഷ്യയുടെ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തിരുന്നത്. പിന്നീട് 2000-ല്‍ നടന്ന റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പുടിന്‍ പ്രസിഡണ്ട് പദവിയില്‍ തുടര്‍ന്നു. 2004-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രസിഡണ്ടായിതെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയില്‍ ഇരിക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടുതവണയില്‍ അധികം പ്രസിഡന്റായി ഇരിക്കുവാന്‍ റഷ്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം കഴിയുകയില്ല എന്നതിനാല്‍ പിന്നീട് അദ്ദേഹം റഷ്യയുടെ പ്രധാനമന്ത്രിയായി വഴിമാറി.
2008 മെയ് 8 മുതല്‍ 2012 വരെ ആയിരുന്നു ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നിരുന്നത്. ഈ കാലയളവില്‍ ദിമിത്രി മെദ്വെദേവ് പ്രസിഡന്റായി ചുമതല ഏറ്റെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രസിഡന്റിന്റെ പ്രധാന അധികാരങ്ങള്‍ പോലും കയ്യാളിയിരുന്നത് പുടിന്‍ ആയിരുന്നു. ഇതിനു ശേഷം പലതവണ പുടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയുമാണ്. പ്രതിപക്ഷ നേതാക്കളെ ഉന്മൂലനം ചെയ്തും ജയിലില്‍ അടച്ചുമാണ് പുടിന്‍ ഭരണം നിലനിര്‍ത്തി പോരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യയില്‍ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്.
അധികാരത്തില്‍ വന്നശേഷം പുടിന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ കടന്നു പോയിരിക്കുന്നത്. അതേസമയം റഷ്യന്‍ സൈനികരുടെയും ജനങ്ങളുടെയും പ്രതിഷേധം വഴി തിരിച്ചുവിടാന്‍ പുടിനും വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിനും കളിച്ച നാടകമാണ് അട്ടിമറി ശ്രമമെന്ന ആരോപണവും റഷ്യയില്‍ ശക്തമാണ്. കേവലം 25,000 മാത്രം വരുന്ന ഒരു കൂലിപ്പട്ടാളത്തിനു ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ റഷ്യയെ ഒരു കാരണവശാലും മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുകയില്ല. ഏതൊരു കൊച്ചു കുട്ടിക്കും ചിന്തിച്ചാല്‍ തന്നെ ബോധ്യമാകുന്ന കാര്യമാണത്. ഇവിടെയാണ് പുടിന്റെ തന്ത്രവും സംശയിക്കപ്പെടുന്നത്.
രാജ്യത്ത് തനിക്ക് എതിരായി വരുന്ന ജനവികാരത്തെ മറികടക്കാനാണ് വാഗ്‌നര്‍ കൂലിപ്പടയാളികളുടെ നീക്കത്തെ പുടിന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞതെന്നാണ് പുറത്തു വിട്ടിരിക്കുന്ന വാര്‍ത്ത. ഈ തന്ത്രപരമായ നീക്കത്തില്‍ താല്‍ക്കാലികമായി വിജയിച്ചിരിക്കുന്നത് പുടിന്‍ ഭരണകൂടമാണെങ്കിലും ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞു എന്നു പറയാനാവില്ല.
റഷ്യന്‍ സൈന്യത്തിലും ജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന അതൃപ്തി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒരവസരം ലഭിച്ചാല്‍ വാഗ്‌നര്‍ ഗ്രൂപ്പിനു പകരം റഷ്യന്‍ സൈന്യം തന്നെ ഒരു അട്ടിമറിക്കു ശ്രമിച്ചാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗത്തിന്റെ പിന്തുണയും അത്തരമൊരു നീക്കത്തിനു ലഭിക്കാനാണ് സാധ്യത. ഇവിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തിയും വര്‍ദ്ധിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ തകര്‍ന്നടിഞ്ഞ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് റഷ്യയില്‍ ഇപ്പോള്‍ കരുത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. പുടിന്റെ യുനൈറ്റഡ് റഷ്യ കഴിഞ്ഞാല്‍ റഷ്യയിലെ ഏറ്റവും ശക്തമായ പാര്‍ടി കമ്യുണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷനാണ്. പതുക്കെയാണെങ്കിലും തിരിച്ചുവരവിനുള്ള കരുത്ത് നിരവധി പ്രവിശ്യകളിലെ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇതിനകം തന്നെ കാണിച്ചിട്ടുമുണ്ട്.
മുന്‍പ് റഷ്യയിലെ പ്രായമായ ജനവിഭാഗം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കള്‍ അടക്കം പാര്‍ട്ടിയോടു കൂടുതലായി അടുക്കുന്നുണ്ടെന്നാണ് ഇതു സംബന്ധിച്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയിലെ പല പ്രവിശ്യകളിലും ഗവര്‍ണര്‍മാര്‍ക്കതിരായ പ്രതിഷേധവും ശക്തമാണ്. യുക്രെയിന്‍ – റഷ്യ യുദ്ധം പുടിന്റെയും യുനൈറ്റഡ് റഷ്യയുടെയും ജനപ്രീതി കുത്തനെയാണ് ഇടിച്ചിരിക്കുന്നത്. എളുപ്പത്തില്‍ വിജയിക്കാമായിരുന്ന ഒരു യുദ്ധത്തെ വലിച്ചു നീട്ടി കൊണ്ടു പോകുക വഴി ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ റഷ്യയുടെ കരുത്താണ് ചോദ്യം ചെയ്യപ്പെട്ടത് എന്ന പ്രചരണമാണ് പുടിനു സ്വന്തം രാജ്യത്ത് വലിയ തിരിച്ചടിയായിരിക്കുന്നത്. ജനവിരുദ്ധ നയങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളേക്കാള്‍ വലിയ വെല്ലുവിളി തന്നെയാണിത്.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ചുവപ്പ് ഭീഷണി ഒഴിഞ്ഞെന്നു വിശ്വസിച്ച് മുന്നോട്ടു പോകുന്ന അമേരിക്കയെ സംബന്ധിച്ച് വീണ്ടും കമ്യൂണിസ്റ്റുകള്‍ റഷ്യയില്‍ ശക്തിപ്രാപിക്കുക ഭരണം പിടിക്കുക എന്നതൊന്നും ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല. കമ്യൂണിസ്റ്റുകള്‍ റഷ്യ ഭരിക്കുന്നതിനേക്കാള്‍ പുടിന്‍ റഷ്യ ഭരിക്കുന്നതു കാണാന്‍ തന്നെയാണ് അമേരിക്കയ്ക്ക് ഇഷ്ടം. വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം നടത്തിയ വാര്‍ത്ത പുറത്തു വന്നപ്പോള്‍ അതില്‍ സന്തോഷിക്കുന്നതിനു പകരം അമേരിക്ക ആശങ്കപ്പെട്ടതും അതു കൊണ്ടാണ്. യുക്രെയിന്‍ – റഷ്യ യുദ്ധം സൃഷ്ടിച്ചതു തന്നെ അമേരിക്കയാണ്. ‘വിനാശകാലേ, വിപരീത ബുദ്ധി’ ആയിപ്പോയി അതെന്നതു അവരിപ്പോള്‍ ഏറെ വൈകിയാണ് മനസ്സിലാക്കിയിരിക്കുന്നത്.
യുക്രെയിന്‍ – റഷ്യ യുദ്ധം യഥാര്‍ത്ഥത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ പോകുന്നത് റഷ്യന്‍ രാഷ്ട്രീയത്തിലാണ്. കമ്യൂണിസ്റ്റുകള്‍ക്ക് വീണ്ടും പാകപ്പെടുന്ന മണ്ണായാണ് റഷ്യ മാറി കൊണ്ടിരിക്കുന്നത്. പുടിന്‍ കാലം അസ്തമിക്കുന്നത് ചുവപ്പിന്റെ ഉദയത്തിനു വഴിവെച്ചാല്‍ അത് ലോക രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കാണ് കാരണമാവുക. അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികള്‍ക്കും വലിയ ഭീഷണിയാകും എന്നതു മാത്രമല്ല ലോകത്താകെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പുതിയ ആവേശമാണ് അത്തരമൊരു സാഹചര്യം സൃഷ്ടിക്കുക.
മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന വര്‍ഗ്ഗ വഞ്ചകനാണ് സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ ഒരു രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തിരികൊളുത്തിയിരുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയും സോവിയറ്റു യൂണിയന്‍ പ്രസിഡന്റുമായിരുന്ന ഗോര്‍ബച്ചേവ് സ്വീകരിച്ച പല നയങ്ങളും തീരുമാനങ്ങളും വ്യക്തി കേന്ദ്രീകൃതമായിരുന്നു എന്നു തന്നെ വിലയിരുത്തേണ്ടി വരും. 1980കളില്‍ മുതലാളിത്ത ലോകം കൂടുതല്‍ ആക്രമണോത്സുകമായ നയങ്ങളാണ് സ്വീകരിച്ചിരുന്നത്. അക്കാലത്ത് റീഗന്‍–താച്ചര്‍ അച്ചുതണ്ട്, സോവിയറ്റ് യൂണിയനെ സൈനികമായും സാമ്പത്തികമായും ആക്രമിച്ചു തകര്‍ക്കാനുള്ള പദ്ധതികള്‍ക്കാണ് രൂപംനല്‍കിയിരുന്നത്. മുതലാളിത്ത ബ്ലോക്കിന്റെ ഇത്തരം നീക്കത്തെ സോവിയറ്റ് ബ്ലോക്കിനെയും സോവിയറ്റ് യൂണിയനെയും വാഴ്സ സൈനിക സഖ്യത്തെയും ശാക്തീകരിച്ച് നേരിടുന്നതിനു പകരം അമേരിക്കയോട് പ്രീണന നയം സ്വീകരിച്ച ഗോര്‍ബച്ചേവിന്റെ നിലപാടാണ് പാളിയത്.
കിഴക്കന്‍ യൂറോപ്പിനെയും പടിഞ്ഞാറന്‍ യൂറോപ്പിനെയും വേര്‍തിരിക്കുന്ന ‘ഇരുമ്പുമറ’യാണ് ഇതോടെ ഗോര്‍ബച്ചേവ് ഇല്ലാതാക്കിയിരുന്നത്. ഇതോടെയാണ് കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഒന്നൊന്നായി നിലംപൊത്തിയിരുന്നത്. ജര്‍മനികളുടെ ഏകീകരണം ഈ ദിശയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയായി മാറുമെന്ന് മുന്‍കൂട്ടി കാണാന്‍ ഗോര്‍ബച്ചേവിനു കഴിഞ്ഞില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മുതലാളിത്ത ലോകത്തില്‍ ലയിച്ചില്ലാതാകുകയാണെന്ന വസ്തുതയും അദ്ദേഹം തിരിച്ചറിഞ്ഞില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹത്തിന് തോന്നാതിരുന്നതു തന്നെ ബാഹ്യ ശക്തികള്‍ക്ക് അടിമപ്പെട്ടതു കൊണ്ടാണ്. അങ്ങനെ വിലയിരുത്തുന്നതു തന്നെയാണ് ഉചിതമാവുക.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ തുടക്കംകുറിച്ചത് ഗോര്‍ബച്ചേവ് കൊണ്ടുവന്ന രാഷ്ട്രീയ പരിഷ്‌കാരത്തിന്റെ ഭാഗമാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയില് തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചു. കമ്യൂണിസ്റ്റ് സംഘടനാ രീതികള്‍ക്ക് പകരം ബൂര്‍ഷ്വാ രീതികള്‍ പാര്‍ടി ഘടനയിലേക്ക് സന്നിവേശിപ്പിച്ചപ്പോഴാണ് ആന്തരികമായ ഐക്യം നഷ്ടപ്പെട്ടിരുന്നത്. ‘പുതിയ രാഷ്ട്രീയ സംസ്‌കൃതി’ ലിബറല്‍ ഡെമോക്രസിയുടെ സോവിയറ്റ് പതിപ്പ് ആയിരുന്നു. സോവിയറ്റ് രാഷ്ട്രീയ സമൂഹമാകട്ടെ അത്തരമൊരു മാറ്റത്തിന് പര്യാപ്തമായിരുന്നുമില്ല. പൊതുസമൂഹത്തില്‍ രാഷ്ട്രീയ നയസമീപനങ്ങള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ച തുടങ്ങി വച്ചത് വിഭാഗീയ വിഘടന ആശയങ്ങള്‍ക്കാണ് ശക്തി പകര്‍ന്നിരുന്നത്. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ നേതൃശേഷിയോ ഗോര്‍ബച്ചേവിന് ഉണ്ടായിരുന്നില്ലെന്നതും ലോകം കണ്ട യാഥാര്‍ത്ഥ്യമാണ്.
ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ സംഘടനാരൂപമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയനാണ് ശിഥിലമായി പോയത്. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവ് തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിടുകയും ചെയ്തു. ചരിത്രകാലഘട്ടത്തില്‍ മാനവരാശി കണ്ട ഏറ്റവും മഹത്തായ സ്വപ്നമാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇല്ലാതായി പോയത്. ‘പെരിസ്‌ട്രോയിക്ക’ എന്ന പേരില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കേന്ദ്രീകൃത സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ തന്നെയാണ് ഇല്ലാതാക്കിയത്. മാര്‍ക്കറ്റ് സമ്പദ്ഘടനയിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സുനാമി പോലെയും ആഞ്ഞടിക്കുകയുണ്ടായി. ഇതിനു പകരം കടന്നുവന്നതാകട്ടെ മാഫിയാ മുതലാളിത്തം ആയിരുന്നു. അതിന്റെ അമരക്കാരനായിരുന്ന ബോറിസ് യെല്‍സിന്‍ റഷ്യയെ അമേരിക്കയുടെ സാമന്ത രാജ്യമാക്കിയാണ് മാറ്റിയിരുന്നത്.
1991-ല്‍ സ്വയം പിരിഞ്ഞു പോകേണ്ട സാഹചര്യം ഒരിക്കലും സോവിയറ്റ് യൂണിയന് ഉണ്ടായിരുന്നില്ല. പക്ഷേ അതും സംഭവിച്ചു. ചരിത്രകാലഘട്ടത്തില്‍ മാനവരാശി കണ്ട ഏറ്റവും മഹത്തായ സ്വപ്നമാണ് അതോടെ ഇല്ലാതായത്. കമ്യൂണിസത്തോട് പ്രത്യയശാസ്ത്രപരമായും വൈകാരികമായും ബന്ധം പുലര്‍ത്താത്ത നേതാവായിരുന്നു ഗോര്‍ബച്ചേവ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയും സോവിയറ്റ് യൂണിയന്‍ തലവനുമാക്കിയതാണ് കമ്യൂണിസ്റ്റു പാര്‍ട്ടി ചെയ്ത വലിയ തെറ്റ്. അതെന്തായാലും പറയാതെ വയ്യ. ശീതയുദ്ധം അവസാനിപ്പിക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലമാകുകയും ചെയ്യുമെന്ന തിരിച്ചറിവാണ് ഗോര്‍ബച്ചേവിനെ അകമഴിഞ്ഞ് പിന്തുണയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഗോര്‍ബച്ചേവിനെ റഷ്യയിലെ ‘വെറുക്കപ്പെട്ടവന്‍’ എന്നാണ് ചരിത്രവും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
1999ല്‍ പുടിന്റെ ഉദയത്തിനുശേഷം റഷ്യന്‍ ദേശീയതയാണ് കരുത്താര്‍ജിച്ചിരുന്നത്. അതിപ്പോഴും തുടരുകയാണെങ്കിലും ഗോര്‍ബച്ചേവ് പിരിച്ചുവിട്ട കമ്യൂണിസ്റ്റ് പാര്‍ടി പുടിനും വലിയ വെല്ലുവിളി ഉയര്‍ത്തി ഇന്ന് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ടിയായി തുടരുകയാണ്. ഉക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സംഭവവികാസങ്ങള്‍ റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കരുത്താണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് വരാനിരിക്കുന്ന മറ്റൊരു റഷ്യന്‍ വിപ്ലവത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സോവിയറ്റ് യൂണിയന്‍ – അമേരിക്ക ശീതയുദ്ധ കാലത്ത് രൂപം കൊണ്ട നാറ്റോ സൈനിക സഖ്യത്തെ സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടു പോലും പിരിച്ചുവിടാതെ മുന്നോട്ടു പോകുന്ന അമേരിക്ക സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനെ കൂടി നാറ്റോ സഖ്യത്തില്‍ ഉള്‍പെടുത്താന്‍ നടത്തിയ നീക്കമാണ് റഷ്യ – യുക്രെയിന്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുന്നത്. ഇതിനു കാലം കരുതിവച്ച ശക്തമായ മറുപടി റഷ്യയില്‍ കമ്യൂണിസ്റ്റുകള്‍ ഭരണം പിടിക്കുന്നതോടെ അമേരിക്കയ്ക്കും ലഭിക്കും. അതിനുള്ള സാധ്യത തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്.
EXPRESS KERALA VIEW