‘വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’; ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

ഇന്ന് പ്രദർശനത്തിനെത്തിയ കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനെതിരെ വൻതോതിൽ സൈബർ ആക്രമണം. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ വന്ന പരസ്യമാണ് ഇപ്പോൾ സേഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് ചിത്രത്തിന്റെ പരസ്യവാചകം. കേരളത്തിലെ ശോചനീയമായ റോഡുകളെക്കുറിച്ചും റോഡുകളിലെ കുഴികളിലെക്കുറിച്ചും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പരസ്യവാചകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വൈറലായിട്ടുണ്ട്. ഒപ്പം അതിന്‍മേലുള്ള ചര്‍ച്ചകളും. ഇടനുകൂലികളാണ് ചിത്രത്തെ കൂടുതലായും വിമർശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

യോജിച്ച പരസ്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മോശം പരസ്യവാചകമെന്നാണ് ചിലര്‍ കമന്റ്  ചെയ്തത്. വഴിയിൽ കുഴിയുണ്ടെങ്കിൽ ടെലിഗ്രാമിൽ കാണാം, വഴിയിൽ കുഴിയില്ലെങ്കിൽ തിയറ്ററിൽ വരാം, ടെലഗ്രാമിൽ കുഴിയില്ലല്ലൊ…ടെലഗ്രാമിൽ വരുമ്പൊ കണ്ടോളാം..എന്നിങ്ങനെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനിടയില്‍ സിനിമ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തി.

എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top