കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ്സിൽ പാളയത്തിൽ പട, സീറ്റ് വിട്ടു നൽകുന്നതിൽ കോൺഗ്രസ്സിലും പ്രതിഷേധം ശക്തം

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫ് ഘടക കക്ഷികളിലും കടുത്ത ഭിന്നതയാണിപ്പോള്‍ രൂപംകൊണ്ടിരിക്കുന്നത്. ‘വയനാട് ലോക്‌സഭാ സീറ്റ് മുസ്ലിം ലീഗിനല്ലെന്നും രാഹുല്‍ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും പറഞ്ഞ’ കെ മുരളീധരന്‍ എംപിയുടെ നിലപാടില്‍  ശക്തമായ പ്രതിഷേധമാണ് ലീഗ് അണികള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയകളിലൂടെ അവരത് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. മൂന്ന് സീറ്റിന് അര്‍ഹതയുണ്ടെന്ന വാദത്തില്‍  ഇപ്പോഴും ലീഗ് ഉറച്ചു നില്‍ക്കുകയാണ്. വയനാട് തന്നെയാണ് അതിനായി അവര്‍ നോട്ടമിട്ടിരിക്കുന്ന മണ്ഡലം. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും  വയനാട്ടില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ലീഗിനുള്ളത്. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ വയനാട് ആവശ്യപ്പെടേണ്ടതില്ലന്നതാണ്  ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഈ നിലപാടാകട്ടെ ലീഗ് അണികള്‍ക്ക് ദഹിക്കുന്നതുമല്ല.

വയനാട് ജില്ലയിലെ മാനന്തവാടി സുല്‍ത്താന്‍ബത്തേരി കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും  കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് മണ്ഡലം. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വയനാടിനായി അവകാശവാദം ഉന്നയിക്കാന്‍  ലീഗിനെ പ്രേരിപ്പിച്ചിരുന്നത്. രാഹുല്‍ഗാന്ധിക്കു വേണ്ടി നിലപാടില്‍ നിന്നും പിന്‍മാറാന്‍ അവരിപ്പോള്‍ തയ്യാറായിട്ടുണ്ടെങ്കിലും  പകരം മറ്റൊരുമണ്ഡലം വേണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍  അതും പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സുള്ളത്. അവരത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം ഈ നിര്‍ദ്ദേശവും അംഗീകരിക്കുമെന്ന അവസ്ഥ വന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തെ രണ്ടാമത്തെ പ്രധാന പാര്‍ട്ടിയായ സി. പി. ഐ, നാലു സീറ്റില്‍ മത്സരിക്കുന്നതിനാല്‍  യു.ഡി.എഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ ലീഗിന് മൂന്നുസീറ്റെങ്കിലും നല്‍കണമെന്നതാണ്  അണികളുടെ ആവശ്യം. മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ പിന്തുണയും  ഈ നീക്കത്തിനുണ്ട്. ലീഗ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഈ ആവശ്യം ഉന്നയിച്ച്  ശക്തമായ ക്യാംപയിനാണ് ഇപ്പോള്‍ നടന്നു വരുന്നത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച്  ആശങ്കപ്പെടുത്തുന്ന നീക്കമാണിത്. കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് , വടകര ലോകസഭ മണ്ഡലങ്ങളില്‍  കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനു വിജയിക്കാന്‍ കഴിഞ്ഞതില്‍  ലീഗിന്റെ വോട്ടും നിര്‍ണ്ണായക ഘടകമായിരുന്നു. അതുകൊണ്ടു തന്നെയാണ്  ലീഗ് അണികളുടെ രോഷപ്രകടനത്തെ  അവര്‍ ഗൗരവമായി കാണുന്നത്. ഈ മണ്ഡലങ്ങളില്‍ പാലംവലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കം ലീഗ് അണികളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ പൊന്നാനിയില്‍ ഉള്‍പ്പെടെ  അതിന്റെ ഇഫക്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പാണ്  കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നല്‍കിയിരിക്കുന്നത്. അണികള്‍ തമ്മിലുള്ള ഈ ചേരിപ്പോരില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടാതിരിക്കുന്നത് പോര് രൂക്ഷമാകാനും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗും വര്‍ഗ്ഗ ബഹുജന സംഘടനകളും സജീവമാണെങ്കിലും  കോണ്‍ഗ്രസ്സ് ഇതുവരെ ഉണര്‍ന്നിട്ടില്ല.

ലീഗ് ഒഴികെ മറ്റൊരു യു.ഡി.എഫ് ഘടകകക്ഷിയും  തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. യു.ഡി.എഫില്‍…16 സീറ്റുകളിലാണ് കോണ്‍ഗ്രസ്സ് മത്സരിക്കുക. ലീഗ് രണ്ട് സീറ്റുകളിലും  ആര്‍. എസ്. പി , കേരള കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികള്‍  ഓരോ സീറ്റുകളിലും മത്സരിക്കും. കൊല്ലത്ത് വീണ്ടും  സിറ്റിംഗ് എം.പിയായ പ്രേമചന്ദ്രനെ വിജയിപ്പിക്കാനാണ്  ആര്‍. എസ്. പി തീരുമാനം. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലത്ത്  ഇടതിന്റെ സ്ഥാനാര്‍ത്ഥി ആരാകും എന്നതും  ഇത്തവണ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന ഘടകമായിരിക്കും.

കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗമാണ് കോട്ടയം സീറ്റില്‍ മത്സരിക്കുക. ജോസഫ് ഗ്രൂപ്പിന് സീറ്റു നല്‍കാന്‍  കെ.പി.സി.സി തലത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും  ഡി.സി.സി ഭാരവാഹികള്‍ ഈ നീക്കത്തിന് എതിരാണ്. കോണ്‍ഗ്രസ്സ് മത്സരിക്കണമെന്നതാണ് അവരുടെ നിലപാട്. ജോസഫ് ഗ്രൂപ്പിന് സ്വാധീനമില്ലന്നും , സ്വാധീനമുള്ള വിഭാഗം ഇടതുപക്ഷത്താണെന്നുമാണ്  കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം വാദിക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ ഈ എതിര്‍പ്പുകളെ തള്ളി  ജോസഫ് ഗ്രൂപ്പിന് സീറ്റു നല്‍കിയാല്‍  കോട്ടയത്തും  പാരവയ്പ്പിനു നല്ല സാധ്യതയാണ് ഉള്ളത്.

മുന്‍ ഇടുക്കി എം.പികൂടിയായ  ഫ്രാന്‍സിസ് ജോര്‍ജിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ്  പി.ജെ ജോസഫിന് താല്‍പ്പര്യമുള്ളത്. എന്നാല്‍  ഈ നീക്കത്തിനോട്  മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യകുറവുണ്ട്. ജില്ലാ നേതാക്കളെ സ്വാധീനിച്ച്  ഫ്രാന്‍സിസ് ജോര്‍ജിനെ തഴയാനുള്ള നീക്കമാണ്  ഈ വിഭാഗം ഇപ്പോള്‍ നടത്തി വരുന്നത്. ഇതിനായി… റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫിനെ രംഗത്തിറക്കാനാണ് ശ്രമം. കെ എം മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം പി ജോസഫിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ‘മത്സരിക്കാന്‍ തനിക്ക് അയോഗ്യതയൊന്നുമില്ലെന്ന് ‘ എം പി ജോസഫും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കെ എം ജോര്‍ജിന്റെ മകനെ വെട്ടാന്‍ കെഎം മാണിയുടെ മരുമകന്‍ വരട്ടെ എന്ന നിലപാടുമായി കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടാനും  അണിയറയില്‍ ശക്തമായ നീക്കമാണ് നടക്കുന്നത്. കോട്ടയം സീറ്റില്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മറുപക്ഷത്തിന്റെ മിന്നല്‍ നീക്കങ്ങളും സംഭവിച്ചിരിക്കുന്നത്.

ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് എം പി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവരുടെ നിലപാട്. കെഎം മാണിയുടെ കുടുംബാംഗങ്ങളിലൊരാള്‍ മല്‍സരിച്ചാല്‍ മാണി ഗ്രൂപ്പ് വോട്ടുകള്‍ പോലും അനുകൂലമാകുമെന്ന വാദവും, ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. മോന്‍സ് ജോസഫിനു പുറമെ  ജോയ് എബ്രഹാം ഉള്‍പ്പെടെയുള്ള കോട്ടയത്തെ നേതാക്കളും ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമല്ലെന്നാണ് . പുറത്തു വരുന്ന വിവരം. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിന്റെ പിന്‍ഗാമിയാകാന്‍ ആഗ്രഹിക്കുന്ന മോന്‍സ് ജോസഫിന് ആ സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജ് തട്ടിയെടുക്കുമെന്ന ഭയമാണ്  അദ്ദേഹത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എം. പിയായാല്‍ , പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാകുമെന്ന് ഭയക്കുന്ന മറ്റു നേതാക്കളും  ഈ ഒരൊറ്റ അജണ്ട മുന്‍ നിര്‍ത്തിയാണ്  ഫ്രാന്‍സിസ് ജോര്‍ജിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ നീക്കത്തില്‍  ഫ്രാന്‍സിസ് ജോര്‍ജിനെ അനുകൂലിക്കുന്നവരും  കടുത്ത രോക്ഷത്തിലാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍  കേരള കോണ്‍ഗ്രസ്സ് കോട്ടയത്ത് ആരെ തന്നെ നിര്‍ത്തിയാലും  പരസ്പരം പാരവയ്പ്പിനുള്ള സാധ്യതയാണ് തെളിയുന്നത്. ആത്യന്തികമായി ഇതും… ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യാന്‍ പോകുന്നത്. ആരൊക്കെ നിഷേധിച്ചാലും  അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്…

EXPRESS KERALA VIEW

Top