അപകടം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ തുടങ്ങിയവയൊക്കെ കാരണം റോഡുകള്‍ അടച്ചിടുന്നത് പതിവാണ്. ഇവ നേരത്തെ അറിയാത്തതിനാല്‍ പലരുടെയും യാത്ര മുടങ്ങാറുമുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്നം ഉണ്ടാകില്ല. ഇവ ഒഴിവാക്കാനായി യാത്രയില്‍ നാം കണ്ട റോഡ് അടച്ചിടലും പ്രശ്നങ്ങളും നമുക്ക് തന്നെ മാപ്പില്‍ രേഖപ്പെടുത്താം. ജനകീയ നാവിഗേഷന്‍ ആപ്പുകളായ ഗൂഗ്ള്‍ മാപ്പ്, മാപ് മൈ ഇന്ത്യ എന്നിവയിലൊക്കെ ഇതിന് അവസരമുണ്ട്.
ലോകത്തുടനീളം ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗ്ള്‍ മാപ്സ്. റോഡ് അടച്ചിടല്‍, അപകടം, ട്രാഫിക് ബ്ലോക്ക്, റോഡിലെ അറ്റകുറ്റപ്പണി, തടസ്സങ്ങള്‍, വാഹനത്തകരാറുകള്‍ എന്നിവയൊക്കെ മാപ്പില്‍ അടയാളപ്പെടുത്താന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സൗകര്യമേര്‍പ്പെടുത്തിയത്. ഗൂഗ്ള്‍ മാപ്പില്‍ ഇവ രേഖപ്പെടുത്താന്‍ ആപ്പിന്റെ താഴ് ഭാഗത്ത് നിന്ന് സൈ്വപ് ചെയ്യണം, അപ്പോള്‍ ‘ആഡ് എ റിപ്പോര്‍ട്ട്’ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കരുതുന്ന സംഭവവും കാണാം. അവിടെ വിവരം രേഖപ്പെടുത്താം. ഈ വിവരം ഗൂഗ്ള്‍ ഇതര ഉപഭോക്താക്കളെ അറിയിക്കും.
അതുപോലെ മറ്റൊരു നാവിഗേഷന്‍ ആപ്പായ മാപ് മൈ ഇന്ത്യയും ട്രാഫിക്, സുരക്ഷ വിവരങ്ങള്‍ കൈമാറാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നുണ്ട്. റോഡപകടം, വഴിമുടക്കം, ഗതാഗതകുരുക്ക് എന്നിവ അറിയിക്കാന്‍ മൊബൈലില്‍ ആപ്പ് തുറന്ന് ‘പോസ്റ്റ് ഓണ്‍ മാപ്’ ഐക്കണില്‍ അമര്‍ത്തിയാല്‍ മതി. അപ്പോള്‍ ‘ക്വിക്ക് ആക്സസ്’ സെക്ഷന്‍ കാണാം. അവിടെ ട്രാഫിക്, സേഫ്റ്റി, ട്രാഫിക് വയലേഷന്‍ തുടങ്ങിയ കാറ്റഗറികള്‍ കാണാം. നാം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന കാറ്റഗറി തിരഞ്ഞെടുത്ത് വിവരം കൈമാറാം. പിന്നീട് ‘സേര്‍ച്ച് അല്ലെങ്കില്‍ ചൂസ് ലൊക്കേഷന്‍ ഫ്രം മാപ്’ന്റെ വലതുവശത്തെ എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലൊക്കേഷന്‍ തിരഞ്ഞെടുക്കാം. സംഭവത്തിന്റെ കുറിപ്പും ചിത്രങ്ങളും കൈമാറാനുമാകും. പേരുകള്‍ മറച്ചുവെക്കാനുമാകും. വിവരങ്ങള്‍ നല്‍കിയ ശേഷം ‘ഡണ്‍’ ബട്ടണ്‍ അമര്‍ത്തുക. ഇതോടെ മേപ്പ്ള്‍സ് വിവരം കൈമാറിത്തുടങ്ങും