ന്യൂഡൽഹി:ചരക്ക്,സേവന നികുതിയെ (ജിഎസ്ടി) പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.
എന്നാൽ സംസ്ഥാന സർക്കാരുകൾ പുതിയ ഭരണക്രമത്തെ പെട്ടെന്നുതന്നെ സ്വീകരിച്ചു.
കേന്ദ്രസർക്കാർ കഴിഞ്ഞ മൂന്നു വർഷമായി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ന്യൂയോർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്. വലിയ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
‘യുവജനങ്ങൾക്കിടയിൽ ഡിജിറ്റൽ പെയ്‌മെന്റിന് വലിയ സ്വാധീനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് വിവിധ ഇൻഷൂറൻസ് പദ്ധതികളും സർക്കാർ നടപ്പിലാക്കി വരികയാണ്’-ജെയ്റ്റ്‌ലി പറഞ്ഞു.
250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തുറമുഖങ്ങൾ വികസന പാതയിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ചടങ്ങിൽ പേപാൽ സി.ഇ.ഒ ഡാൻഷ്യുൽമാൻ, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനർജി എന്നിവരും പങ്കെടുത്തു.