ഇന്ത്യക്കെതിരെ നീങ്ങിയാല്‍ തിരിച്ചടിക്കും, പാക്ക് സൈന്യത്തിലും ഭിന്നത രൂക്ഷം . . . !

പാക്ക് ചാര സംഘടനയായ ഐ.എസ്.ഐയും സൈന്യത്തിലെ ഒരു വിഭാഗവും തമ്മില്‍ രൂക്ഷമായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ വിഷയത്തെ ചൊല്ലിയാണ് ഈ ഭിന്നതയെന്നാണ് പുറത്ത് വരുന്ന വിവരം.

ജമ്മു കശ്മീരിലേക്ക് ഭീകരരെ നുഴഞ്ഞ് കയറ്റുന്നതിലും അവരെ സഹായിക്കുന്നതിലും നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നത് ഐ.എസ്.ഐ നേതൃത്വമാണ്. പാക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയും ഈ നീക്കങ്ങള്‍ക്കുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഇന്ത്യയെ ആക്രമിക്കണമെന്ന മാനസികാവസ്ഥയാണ് ഈ വിഭാഗത്തിനുള്ളത്. ഇപ്പോഴും പ്രകോപനം നിരന്തരം ഉണ്ടാക്കുന്നതും ഈ വിഭാഗം തന്നെയാണ്.

എന്നാല്‍ സേനയിലെ മറ്റൊരു വിഭാഗത്തിന് മറിച്ചാണ് അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുമായി സംഘര്‍ഷത്തിന് പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നതാണ് അവരുടെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന പോലും കടുത്ത നിലപാട് ഇക്കാര്യത്തില്‍ ഇന്ത്യയോട് സ്വീകരിക്കുന്നില്ലെന്ന പരാതിയും പാക്ക് സൈനിക തലപ്പത്തുണ്ട്.

ലോക രാഷ്ട്രങ്ങളുടെ എന്നല്ല അറബ് രാഷ്ട്രങ്ങളുടെ പോലും പിന്തുണ നേടാന്‍ കഴിയാത്തതില്‍ ഇമ്രാന്‍ഖാനോട് സൈനിക തലപ്പത്തും ഐ.എസ്.ഐയിലും അതൃപ്തി പ്രകടമാണ്.

സൈനിക പിന്തുണയില്‍ അധികാരത്തിലേറിയ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. സൈനിക തലപ്പത്തെ ഒരുവിഭാഗം എതിരായി വരുന്നതും ഐ.എസ്.ഐ ഉടക്കി നില്‍ക്കുന്നതും പാക്ക് സര്‍ക്കാരിന്‌ വലിയ ഭീഷണിയാണ്. മന്ത്രിമാര്‍ ഇന്ത്യക്കെതിരെ പ്രകോപനം ഉണ്ടാക്കുന്നതിന് പിന്നിലും ഐ.എസ്.ഐ താല്‍പ്പര്യമാണുള്ളത്.

പ്രകോപനത്തെ ഗൗരവമായി കണ്ട് ഇന്ത്യ നടത്തിയ നീക്കങ്ങള്‍ പാക്കിസ്ഥാന് ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് നേരിടേണ്ട സാഹചര്യവുമുണ്ടാക്കി കഴിഞ്ഞു. ചൈന പോലും അനവസരത്തിലുള്ള പാക്ക് പ്രതികരണത്തില്‍ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ തന്നെ പുതിയ പ്രതികരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ലെന്നും പാക്കിസ്ഥാനും ഇന്ത്യയും ആണവശക്തികളാണെന്നുമാണ് പാക് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്. ലഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇമ്രാന്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്കുപോയാല്‍ ലോകത്തിനാകെ അത് ദോഷംചെയ്യും. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ വിജയിക്കുന്നവര്‍ക്കും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കാനും അത് കാരണമാവുമെന്നും ഇമ്രാന്‍ഖാന്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുപോലും തയ്യാറാവൂ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഈ വര്‍ഷമാദ്യം കശ്മീരിലെ പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ഭടന്മാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ബാലക്കോട്ടെ ഭീകരതാവളങ്ങള്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. അതിര്‍ത്തിയില്‍ പ്രകോപനത്തിന് വന്ന പാക്ക് സൈനികര്‍ക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പാക്ക് വെല്ലുവിളിയെ നേരിടാന്‍ സൈനിക, ആയുധ മേഖലകളില്‍ വലിയ മുന്‍ കരുതലുകളാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.

വ്യോമാക്രമണങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്ന അമേരിക്കന്‍ നിര്‍മിത അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകളാണ് ഇനി മുതല്‍ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യാ-പാക്ക് അതിര്‍ത്തിക്കു കാവലൊരുക്കുന്നത്. ബോയിങ് നിര്‍മിച്ച 8 ഹെലികോപ്റ്ററുകളാണ് പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തില്‍ നിലയുറപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കുന്ന ഏറ്റവും കരുത്തുറ്റ കോപ്റ്ററാണിത്.

വ്യോമസേനയ്ക്കായി ആകെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 13,952 കോടി രൂപയുടെ കരാറില്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും അമേരിക്കയും ഒപ്പിട്ടിരുന്നത്. 2022-നകം 22 എണ്ണവും ലഭിക്കും. ഇതിനു പുറമേ, കരസേനയ്ക്കായും 4,168 കോടി രൂപ ചെലവില്‍ 6 അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യ വാങ്ങുന്നുണ്ട്. ഇതിനുള്ള കരാറില്‍ 2017ലാണ് ഒപ്പിട്ടിരുന്നത്.

ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപ്പാച്ചെയുടെ ആയുധക്കരുത്ത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഇവ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് അപ്പാച്ചെ സ്വന്തമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇതിന്പുറമെ ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനമായ റഫാല്‍ സെപ്റ്റംബര്‍ പത്തൊന്‍പതിന് ഇന്ത്യ സ്വന്തമാക്കും. ഫ്രാന്‍സില്‍ നിന്നും ആകെ വാങ്ങുന്ന 36 യുദ്ധവിമാനങ്ങളില്‍ ആദ്യ ബാച്ചാണിപ്പോള്‍ വ്യോമസേനയുടെ ഭാഗമാകാന്‍ പോകുന്നത്. അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെപോലും ഭസ്മമാക്കുന്ന റഷ്യയുടെ എസ്-400 ട്രയംഫും ഇന്ത്യ സ്വന്തമാക്കുന്നുണ്ട്. ഇതിനായി 42,000 കോടിയുടെ കരാറിലാണ് റഷ്യയുമായി ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്.

600 കിലോമീറ്റര്‍ പരിധിയിലുള്ള 300 ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ ‘റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്’ ബ്ലോഗ് അനുസരിച്ച് എസ്-400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണിത്. ‘അയണ്‍ ഡോമുകളുടെ ഡാഡി’ എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റര്‍ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35ന് അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35ന് ഇനി ഒരിക്കലും കഴിയില്ല.

മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ കുന്തമുനയാണിത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗതയാണ് എസ്-400 ട്രയംഫിനുള്ളത്. ഈ പ്രതിരോധ കവചം കൂടി ഇന്ത്യയിലെത്തുന്നതോടെ സൈനിക ശക്തിയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ഇനി ഇന്ത്യയും മാറും.

Staff Reporter

Top