ന്യൂഡല്‍ഹി: രാജ്യത്ത് ചെറിയതോതില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, ഇത് എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം പ്രത്യക്ഷപ്പെട്ട പ്രതിഭാസമല്ലെന്നും സര്‍ക്കാര്‍. ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നശേഷം ഒരു രാത്രികൊണ്ടുണ്ടായ സംഭവങ്ങളല്ല ഇതൊന്നും അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രതിപക്ഷാരോപണങ്ങള്‍ക്കു മറുപടിയായി വെങ്കയ്യ നായിഡു പറഞ്ഞു.
അസഹിഷ്ണുത ശക്തമായി നേരിടണം. ആവശ്യമില്ലാത്തതും പ്രകോപനപരവുമായ പ്രസ്താവനകള്‍ ആരു നടത്തിയാലും അവരെ ഒറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും വേണം നായിഡു പറഞ്ഞു.
പ്രാദേശികമായാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. അത് നേരിടണം. അതിനുപകരം ഇതിനെ സാമാന്യവത്കരിക്കുകയല്ല വേണ്ടത്. മന്ത്രി വ്യക്തമാക്കി.
സല്‍മാന്‍ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങള്‍ നിരോധിച്ചത് തെറ്റായിപ്പോയി എന്ന പി.ചിദംബരത്തിന്റെ പ്രസ്താവനയെ വെങ്കയ്യ നായിഡു പരാമര്‍ശിച്ചു. ചിദംബരത്തിന്റെ നിലപാടിനെ നായിഡു സ്വാഗതംചെയ്തു.
എഴുത്തുകാര്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താതിരിക്കാനും സമൂഹത്തില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. അതേസമയം വ്യക്തികള്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സമവായമുണ്ടാകണം മന്ത്രി പറഞ്ഞു.
ജനവിധി മാനിക്കുകയെന്നതാണ് ഏറ്റവും വലിയ സഹിഷ്ണുത. ബിഹാറില്‍ ലാലുപ്രസാദിന്റെ സഹായത്തോടെ ഭരിക്കാന്‍ നിതീഷ് കുമാറിനാണ് ജനങ്ങള്‍ അവസരം നല്‍കിയിരിക്കുന്നത്. അത് അംഗീകരിക്കാതെ മറ്റു പോംവഴിയില്ല അദ്ദേഹം പറഞ്ഞു.