ഭൂരിപക്ഷ കാമ്പസുകളും തൂത്തുവാരിയത് എസ്.എഫ്.ഐ, എന്നിട്ടും ‘ഹീറോ’ കെ.എസ്.യു! കനുഗോലു ‘ഇഫക്ടില്‍’ മാധ്യമങ്ങളും

ചുവപ്പു കണ്ട കാളയുടെ അവസ്ഥയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ളത്. അതാകട്ടെ വീണ്ടും വളരെ ശക്തമായി തന്നെ അവര്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യു.ഡി.എഫ് രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലന്നു തെളിയിക്കേണ്ടത് ഓരോ വലതുപക്ഷ മാധ്യമങ്ങളുടെയും പരമ പ്രധാനമായ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനായി അവസരം സൃഷ്ടിക്കേണ്ടതും ഇക്കൂട്ടരുടെ കര്‍ത്തവ്യമാണ്. മൂന്നാംവട്ടവും കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പിന്നെ ഒരിക്കലും ഒരു തിരിച്ചുവരവ് യു.ഡി.എഫിനു സാധ്യമല്ലന്നു ഏറ്റവും അധികം തിരിച്ചറിയുന്നതും കുത്തക മാധ്യമങ്ങള്‍ തന്നെയാണ്.

അതിനാല്‍ തന്നെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാനുമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ മാധ്യമ സ്ഥാപനങ്ങളുടെ മാനേജുമെന്റിന്റെ താല്‍പ്പര്യങ്ങളാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഉപദേശകനായ സുനില്‍ കനുഗോലുവിന്റെ സ്വാധീനം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വരെ എത്തി എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

കര്‍ണ്ണാടകയിലെ സാഹചര്യമല്ല കേരളത്തിലെ രാഷ്ട്രീയ സാഹചര്യമെന്നത് ഏറ്റവും നന്നായി അറിയാവുന്നതും കനുഗോലുവിനു തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള സ്വാധീനം എന്താണെന്നത് കൃത്യമായി മനസ്സിലാക്കി അതിനെ ‘ക്രിത്രിമമായി ‘ പൊളിക്കാനുളള സ്ട്രാറ്റജിയാണ് ടീംകനുഗോലു തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കണമെങ്കില്‍ ആദ്യം എസ്.എഫ്.ഐയെ തകര്‍ക്കണമെന്നതാണ് ഇവരുടെ അജണ്ട. ഈ ലക്ഷ്യം പൂര്‍ത്തികരിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമായതിനാല്‍ തന്ത്രപരമായ നീക്കത്തിനാണ് ടീം കനുഗോലു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ നേടുന്ന ചെറിയ വിജയത്തെ പോലും വലിയ വിജയമാക്കി ചിത്രീകരിക്കാനുളള ആ നിര്‍ദ്ദേശമാണിപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ കേരള സര്‍വ്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും കെ.എസ്.യു സഖ്യത്തിന്റെ ഏതാനും ചില ഒറ്റപ്പെട്ട വിജയങ്ങളെ വലിയ സംഭവമാക്കി ചിത്രീകരിച്ച് കേരളത്തിലെ കാമ്പസുകളില്‍ കെ.എസ്.യു വമ്പന്‍ നേട്ടമുണ്ടാക്കി എന്ന തരത്തിലാണ് മാധമങ്ങളെല്ലാം വാര്‍ത്തകള്‍ പടച്ചു വിട്ടിരിക്കുന്നത്. ആവേശ തള്ളിച്ചയില്‍ ചില മാധ്യമങ്ങള്‍ എസ്.എഫ്.ഐ വിജയിച്ച കാമ്പസുകള്‍ പോലും കെ.എസ്.യുവിന്റെ അക്കൗണ്ടില്‍ പെടുത്തിയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്. നെറികെട്ട മാധ്യമ പ്രവര്‍ത്തനം എന്നു വിളിക്കുന്നത് ഇതിനെയൊക്കെയാണ്.

കഴിഞ്ഞ അനവധി വര്‍ഷങ്ങളായി കേരളത്തിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പും സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പുകളും ഒന്നും തന്നെ ഒരു വാര്‍ത്തയേ ആകാറില്ല. എസ്.എഫ്.ഐ വിജയത്തെ റിപ്പോര്‍ട്ട് ചെയ്യാനുള്ള വിമുഖതയാണ് അപ്പോഴെല്ലാം മാധ്യമങ്ങള്‍ കാണിച്ചിരുന്നത്. അന്നും എസ്.എഫ്.ഐ ബഹു ഭൂരിപക്ഷം കാമ്പസുകളിലും വിജയിക്കുമ്പോഴും ഏതാനും കാമ്പസുകളില്‍ കെ.എസ്.യുവും വിജയിക്കാറുണ്ട്. മലബാറിലെ ചില കാമ്പസുകളില്‍ എം.എസ്.എഫും വിജയിക്കാറുണ്ട്. എന്തിനേറെ സംസ്ഥാനത്ത് എസ്.എഫ്.ഐ മേധാവിത്വം വലിയ രൂപത്തില്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ഭരണം എം.എസ്.എഫ് – കെ.എസ്.യു സഖ്യം നേടിയിട്ടുമുണ്ട്. അന്നൊന്നും ഇല്ലാത്ത ആഘോഷം ഇപ്പോള്‍ കെ.എസ്.യുവും എം.എസ്.എഫും നടത്തുന്നതും അത് വലിയ രൂപത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതും കനുഗോലു ഇഫക്ട് മൂലമാണ്. അങ്ങനെ തന്നെ വിലയിരുത്തുന്നതാകും ഉചിതമാകുക.

കാമ്പസുകളില്‍ കെ.എസ്.യുവിന്റെ തിരിച്ചു വരവ് എന്ന് പ്രചരിപ്പിക്കുന്നത് തന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനായാണ്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ സ്വാധീനമുണ്ടെന്ന് പുകമറ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. കെ.എസ്.യുവിന്റെ ഒറ്റപ്പെട്ട വിജയത്തെ സര്‍ക്കാറിനെതിരായ വികാരമാക്കി ഉയര്‍ത്തി കാട്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തു വന്നതും അണിയറയിലെ തിരക്കഥ പ്രകാരമാണ്. ലോകസഭ തിരഞ്ഞെടുപ്പു മാത്രമല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണ് തന്ത്രപരമായ ഈ നീക്കം. ബുദ്ധി കനുഗോലുവിന്റെ ആണെങ്കിലും, പ്രചരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമാണ്. ഇതിനായി ഒരു മാധ്യമ സിണ്ടിക്കേറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ വാര്‍ത്താപ്പെരുമഴ.

ഇനി യാഥാര്‍ത്ഥ്യം എന്താണെന്നത് നമുക്ക് പരിശോധിക്കാം. നിലവില്‍ കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും , ബഹുഭൂരിപക്ഷം കോളജ് കാമ്പസുകളും ഇന്റര്‍ പോളിയൂണിയന്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ സകല പൊതു ജനാധിപത്യ വേദികളും ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. ആരെയും കൂട്ട് പിടിക്കാതെ മൃഗീയ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ ഇവിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ ചരിത്രം തന്നെയാണ് ഇപ്പോള്‍ കഴിഞ്ഞ കണ്ണൂര്‍, കാലിക്കറ്റ്, എം.ജി, കേരള സര്‍വ്വകലാശാലകള്‍ക്കു കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ യാഥാര്‍ത്ഥ്യം പറയും…

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കു കീഴില്‍ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍, 55ലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ വിജയിച്ചത്. കണ്ണൂര്‍ ജില്ലയിലെ 48 കോളേജുകളില്‍ 39ലും, കാസര്‍കോട്ടെ 20-ല്‍ 13ഉം, വയനാട്ടില്‍ അഞ്ചില്‍ മൂന്നും, എസ്.എഫ്.ഐ നേടി. ഇതിനു പുറമെ, കണ്ണൂരില്‍ 20 കോളേജുകളിലും കാസര്‍കോട്ട് ആറെണ്ണത്തിലും, വയനാട്ടില്‍ ഒരു കോളേജിലും, മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെയാണ് ജയിച്ചിരുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ കോളജു യൂണിയന്‍ തിരഞ്ഞെടുപ്പിലും, ഏറ്റവും കൂടുതല്‍ കോളജ് യൂണിയനുകളില്‍ വിജയിച്ചിരിക്കുന്നത് എസ്.എഫ്.ഐയാണ്. തിരഞ്ഞെടുപ്പ് നടന്ന 194 കോളജുകളില്‍ 120 കോളജുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ 28ല്‍ 26 ഉം ,പാലക്കാട് ജില്ലയിലെ 31 ല്‍ 19 ഉം, കോഴിക്കോട് ജില്ലയിലെ 58 -ല്‍ 42 കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐയാണ്.

മലപ്പുറത്ത് 59 ല്‍ 21 ഉം വയനാട്ടില്‍ 18 ല്‍ 12 കോളേജുകളിലും എസ് എഫ് ഐ യൂണിയനാണ് ഇനി ഭരിക്കുക. അതായത് മലപ്പുറം ഒഴികെ മറ്റൊരു ജില്ലയിലും യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐക്ക് മുന്നിലല്ല. മലപ്പുറത്തു പോലും സകല മത സംഘടനകളെയും ഇടതുപക്ഷ വിരുദ്ധരെയും കൂട്ട് പിടിച്ചതു കൊണ്ടുമാത്രമാണ് പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. എസ്.എഫ് ഐ ഒറ്റയ്ക്കും മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും മറുവിഭാഗത്തും എന്ന രൂപത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴിലും തിരഞ്ഞെടുപ്പു നടന്നിരിക്കുന്നത്. എം.ജി സര്‍വ്വകലാശാലക്ക് കീഴില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത് 129 കോളേജുകളിലാണ്. ഇതില്‍ 112 ഇടത്തും എസ് എഫ് ഐയാണ് വിജയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 46 ല്‍ 37ഉം, കോട്ടയം ജില്ലയിലെ 38 ല്‍ 36ഉം, ഇടുക്കിയിലെ 27ല്‍ 22ഉം,പത്തനംതിട്ടയിലെ 17 ല്‍ 16 കോളേജുകളിലും എസ് എഫ് ഐയാണ് തൂത്ത് വാരിയിരിക്കുന്നത്. എം.ജി സര്‍വ്വകലാശാലയ്ക്കു കീഴില്‍, ആലപ്പുഴ ജില്ലയിലെ ഒരു കാമ്പസിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതും എസ്എഫ്‌ഐയാണ് നേടിയിരിക്കുന്നത്.

ഇനി കേരള സര്‍വ്വകലാശാലയ്ക്കു കീഴിലെ കാമ്പസുകളിലെ കണക്കിലേക്കു വരാം. ഇവിടെ തിരഞ്ഞെടുപ്പു നടന്ന 70-ല്‍ 56 കാമ്പസുകളിലും എസ്എഫ്‌ഐയാണ് വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 33 ല്‍ 27 ഇടത്തും കൊല്ലത്ത് 20 ല്‍ 17 ഇടത്തും ആലപ്പുഴയില്‍ 15 ല്‍ 11 ഇടത്തും പത്തനംതിട്ടയില്‍ 2 ല്‍ 2 ഇടത്തും എസ് എഫ് ഐയാണ് ഒറ്റയ്ക്ക് യൂണിയന്‍ നേടിയിരിക്കുന്നത്.ബാക്കിയുള്ള 14 കോളജുകളില്‍ മാത്രമാണ് കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിനും എ.ബി.വി.പിക്കും വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. എസ്.എഫ്.ഐ ഒറ്റയ്ക്കും , മറ്റെല്ലാ സംഘടനകളും ഒറ്റക്കെട്ടായുമാണ് മിക്കയിടത്തും മത്സരം നടന്നിരിക്കുന്നത്.

സര്‍വ്വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇത്തവണയും കേരളത്തിലെ എല്ലാ സര്‍വ്വകലാശാല യൂണിയനുകളിലും ഇനിയും വിജയിക്കാന്‍ പോകുന്നതും, എസ്.എഫ്.ഐ തന്നെയാണ്. അവിടെയൊന്നും ചിത്രത്തില്‍ പോലും കനുഗോലുവിന്റെ വിദ്യാര്‍ഥി സംഘടന ഉണ്ടാകുകയില്ല. എസ്.എഫ്.ഐയോടുള്ള പകയില്‍ എബി.വിപി യുടെ വോട്ടുകള്‍പോലും വിവിധ കോളുകളില്‍ കെ.എസ്.യു സഖ്യത്തിനാണ് ലഭിച്ചിരിക്കുന്നത്. ഇതെല്ലാം മറച്ചു വച്ചാണ് കെ.എസ്.യുവിനെ മഹാ സംഭവമാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്. കനുഗോലുവിന്റെ കുബുദ്ധിയില്‍ പിറന്ന പി.ആര്‍ വര്‍ക്കിന്റെ ഭാഗം മാത്രമാണിത്. അതെന്തായാലും പറയാതെ വയ്യ…

Top