തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യത്തില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൃത്യമായി കണക്ക് നല്‍കാത്തതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ നവംബര്‍ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയില്‍ 54.16 കോടി രൂപയെ കേന്ദ്രം നല്‍കിയുള്ളൂ എന്നും പരാമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തയും അതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തീര്‍ത്തും വസ്തുതാവിരുദ്ധവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെയും അത് മികവാര്‍ന്ന രീതിയില്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെയും ഇകഴ്ത്തികാണിക്കുവാനും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്ടിക്കാനുമാണ് ഇത്തരം വാര്‍ത്തകളെന്ന് മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി 54.16 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയത് എന്നാണ് വാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. സംസ്ഥാനം സമര്‍പ്പിച്ച പ്രൊപ്പോസലുകളും കണക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. പദ്ധതിക്കുള്ള 2023-24 വര്‍ഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇത് 184.31 കോടി രൂപ എന്നാണ് വാര്‍ത്തയില്‍ തെറ്റായി പരാമര്‍ശിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്. എന്നാല്‍, ഇതിന് വിരുദ്ധമായി, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായി കേന്ദ്രവിഹിതം അനുവദിക്കുവാനുള്ള ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച കണക്കുകളും ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചുകൊണ്ട് അര്‍ഹമായ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതും നടത്തുന്നതും. മുന്‍ വര്‍ഷത്തെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും ഉള്‍പ്പടെ ആദ്യ ഗഡു കേന്ദ്രവിഹിതത്തിനുള്ള വിശദമായ പ്രൊപ്പോസല്‍ ജൂലൈ നാലിന് സമര്‍പ്പിച്ചുവെങ്കിലും 80 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 22നാണ് ആദ്യ ഗഡുവായി (25 ശതമാനം) 54.17 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ‘അറിയിപ്പ് ലഭിക്കുന്നത്. അപ്രായോഗികവും അനാവശ്യവുമായ ചില തടസ്സവാദങ്ങള്‍ ഉയര്‍ത്തിയാണ് തുക അനുവദിക്കുന്നത് വൈകിപ്പിച്ചത്.
ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തില്‍ മുന്‍ വര്‍ഷത്തെ ബാലന്‍സ് തുകയായ 32.34 കോടി രൂപയും ചേര്‍ത്ത് ലഭ്യമായിരുന്ന 86.51 കോടി രൂപ പൂര്‍ണ്ണമായും ചെലവഴിക്കുകയും ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റുകളും 31.10.2023 ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇത് അംഗീകരിച്ചുകൊണ്ട് നവംബര്‍ 17 ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപ (ആദ്യ ഗഡുവിന്റെ അതേ തുക) കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട 284.31 കോടി രൂപയില്‍ മുന്‍വര്‍ഷത്തെ ബാലന്‍സ് ഉള്‍പ്പടെ 140.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭ്യമായിട്ടുണ്ട്.
രാജ്യത്തെ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നമ്മുടെ സംസ്ഥാനമടക്കം കേവലം എട്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമായിട്ടുള്ളത്. കൃത്യമായ കണക്കുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് രണ്ട് ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടുള്ളത്. കേന്ദ്രവിഹിതത്തില്‍ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 357.79 കോടി രൂപയാണ്. ഇതില്‍ 226.26 കോടി രൂപ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ മാസം വരെയുള്ള തുകയും ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ വരെയുള്ള വേതനവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ തുക ഉടന്‍തന്നെ വിതരണം ചെയ്യുന്നതാണ്.
എന്നാല്‍, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട ആകെ കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായി നല്‍കേണ്ടിടത്ത് അത് 25 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പദ്ധതിക്കുള്ള 2023 -24 വര്‍ഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ് (ഇത് 184.31 കോടി രൂപ എന്നാണ് വാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്നത്). ഇതിന്റെ 60 ശതമാനമായ 170.59 കോടി രൂപയാണ് ആദ്യ ഗഡുവായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാല്‍ ഇതിന് പകരം അനുവദിച്ചത് 54.16 കോടി രൂപ മാത്രം. അത് അനുവദിച്ചതാകട്ടെ, സാമ്പത്തിക വര്‍ഷത്തിന്റെ പകുതി അവസാനിക്കുന്ന ഘട്ടത്തിലും. കേന്ദ്രവിഹിതം രണ്ട് ഗഡുക്കളായാണ് അനുവദിക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.
ഇതിനു വിരുദ്ധമായാണ് കേന്ദ്രവിഹിതം ഇക്കൊല്ലം നാല് ഗഡുക്കളായി അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയും രേഖാമൂലമുള്ള അറിയിപ്പുകള്‍ ഒന്നും നല്‍കാതെയും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ള ഏകപക്ഷീയമായ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും മര്യാദകള്‍ക്കും എതിരാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം മനപ്പൂര്‍വ്വം വൈകിപ്പിക്കാനോ നിഷേധിക്കാനോ ഉള്ള ശ്രമമായി ഇതിനെ നമ്മള്‍ കാണേണ്ടതുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പോലുള്ള അതി പ്രധാന ഭക്ഷ്യ ഭദ്രതാ പദ്ധതികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം എന്ന അഭ്യര്‍ത്ഥനയാണ് ഉള്ളത്.
ഉച്ചഭക്ഷണ പദ്ധതിയുമായി മുഴുവന്‍ നാട്ടുകാരും സഹകരിക്കുന്ന പാരമ്പര്യം ആണ് കേരളത്തിനുള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകര്‍ തന്നെയും ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നുണ്ട്. അതിനിയും തുടരണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. അത്തരത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായം നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ ഇത് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉണ്ടായി. ചില സംഘടനകള്‍ കോടതിയെയും സമീപിച്ചു. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം എല്ലാവരുമായി ഒന്നുകൂടി ആലോചിച്ച് മുന്നോട്ട് പോകാന്‍ ആണ് തീരുമാനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.