ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ നിലനില്‍ക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനമെടുത്തത്.
ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാലും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. അടുത്ത വര്‍ഷം ഏപ്രിലോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനാല്‍ ഇപ്പോള്‍ തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്നും, കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വെയ്ക്കുന്നതാണ് നല്ലതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.