തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് അവര്‍ രോഗികളോട് ഇടപെട്ടത്. ഉത്കണ്ഠയുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു മറ്റ് രാജ്യങ്ങളെപ്പോലെ രോഗം വന്ന ആരോഗ്യ പ്രവര്‍ത്തകരെ കേരളം കയ്യൊഴിയില്ല. കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫില്‍നിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.