ന്യൂഡല്‍ഹി: ഇറാക്കിലെ ഐഎസ് ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാരെകുറിച്ച് വിവരമൊന്നുമില്ലെന്ന് വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിംഗ്.
അന്വേഷണത്തില്‍ ആശാവഹമായതൊന്നും ലഭിച്ചില്ല. അതിനാല്‍ അന്വേഷണം അവസാനിപ്പിച്ചതായും വി.കെ സിംഗ് അറിയിച്ചു.
അന്വേഷണസംഘം എല്ലാ സാധ്യതകളും ഉപയോഗിച്ചിട്ടും മൊസൂള്‍, ബാദൂഷ്, തല്‍ഫാര്‍ എന്നിവിടങ്ങളില്‍ നടന്ന അന്വേഷണങ്ങളില്‍ അനുകൂലമായ ഒരു ഫലവും ലഭിച്ചില്ല. എന്നിരുന്നാല്‍ തന്നെ ഇറാക്കിലെ ഇന്ത്യന്‍ എംബസി കാണാതായവരെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാണാതായവരില്‍ ചിലരുടെ ബന്ധുക്കളില്‍നിന്നും ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് ഇറാക്കിലേക്ക് അയച്ചുനല്‍കിയതായും വി.കെ സിംഗ് അറിയിച്ചു. മാനസികനിലതെറ്റിയ ചിലര്‍ ഇറാക്കിലെ ജയലില്‍ തടവില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് സ്വയം തിരിച്ചറിയാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. ഡിഎന്‍എ ടെസ്റ്റ് മാത്രമാണ് ഇനി മുന്നിലുള്ള മാര്‍ഗമെന്നും വി.കെ സിംഗ് പറഞ്ഞു.
കെട്ടിടനിര്‍മാണ കമ്പനിയിലെ ജോലിക്കാരായ ഇന്ത്യക്കാരെ മൂന്നു വര്‍ഷം മുമ്പാണ് തട്ടിക്കൊണ്ടുപോയത്. അടുത്തിടെ ഐഎസില്‍നിന്ന് ഇറാക്കി പട്ടാളം മൊസൂള്‍ തിരിച്ചുപിടിച്ചപ്പോള്‍ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രതീക്ഷ ഉണര്‍ന്നിരുന്നു. മൊസൂളിലെ ഒരു ജയിലില്‍ ഇന്ത്യക്കാരുണ്ടാകുമെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇറാക്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യക്കാരെ കണ്ടെത്താനായില്ല.