എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എം വി ഗോവിന്ദന്റെയും ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ലെന്നും പ്രസ്താവനകള്‍ തമ്മില്‍ അജഗജാന്തരം വിത്യാസമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുതെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.
എം.വി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ലീഗിന് അങ്ങനെ ഒരു നിലപാട് ഇല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നടപടിയെ പിഎംഎ സലാം വിമര്‍ശിച്ചു. എവിടെ എങ്കിലും ഒരു വെളിച്ചം കണ്ടാല്‍ അത് ഒരു സമുദായത്തിന്റെ മുകളില്‍ ഇടാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പിഎംഎ സലാം ആരോപിച്ചു.
പാനായിക്കുളം കേസില്‍ സുപ്രീം കോടതി വെറുതെ വിട്ടവര്‍ക്കെതിരായ പോലീസ് നടപടിയിലും പിഎംഎ സലാം പ്രതികരിച്ചു. പോലീസും കേന്ദ്രമന്ത്രിയും പ്രവര്‍ത്തിച്ചത് ഒരേ മുന്‍വിധിയോടെയാണെന്നും പിഎംഎ സലാം വ്യക്തമാക്കി. കേന്ദ്ര മന്ത്രിക്ക് എതിരായ കേസില്‍ കേസ് നടപടികളുമായി മുന്നോട്ട് പോകണമെന്നും രാഷ്ട്രീയ ഒത്ത് തീര്‍പ്പിന്റെ ഭാഗമായി കേസ് ഒതുക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് പ്രതികരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.