കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നെങ്കിലും പെരിയാറില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. നിലവിലെ 1.017 മീറ്റര്‍ മാത്രമാണ് പെരിയാറില്‍ ജലനിരപ്പ്. പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റര്‍ എത്തണം. അപകട നില എത്തണമെങ്കില്‍ 3.5 മീറ്റര്‍ എത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അപകട നിലയിലെത്തില്ല. പ്രകൃതി ക്ഷോഭം മൂലം കെഎസ്ഇബിക്ക് 18 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വെള്ളം തുറന്ന് വിട്ടത് മൂലം മാത്രം 10 കോടി രൂപ നഷ്ടമുണ്ടായി എന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്‍പ് മുന്‍കരുതലായിട്ടാണ് ഇടമലയാര്‍ ഡാം തുറന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. ഇടമലയാര്‍ ഡാം തുറന്നത് പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. 44 സെന്റീ മീറ്റര്‍ മാത്രമാണ് വെള്ളം ഉയര്‍ന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.
മണിക്കൂറുകള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ഒടുവില്‍ രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ ആദ്യ ഷട്ടര്‍ തുറന്നത്. പന്ത്രണ്ട് മണിയോടെ നാലാം നമ്പര്‍ ഷട്ടറും തുറന്നു. ഇതോടെ നീരൊഴുക്ക് സെക്കന്റില്‍ 70,000 ലീറ്ററായി. അരമണിക്കൂര്‍ കഴിഞ്ഞ് പന്ത്രണ്ടരയോടെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്റില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്ക്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷിയെങ്കിലും 2018 ലെ പ്രളയാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് 2398 ലെത്തിയപ്പോള്‍ തന്നെ ഷട്ടറുകള്‍ തുറന്നത്.