സംസ്ഥാനത്ത് തല്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും.

അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്. സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദൽ സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി

അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു

Top