വെള്ളക്കെട്ടിന് പരിഹാരമില്ല; കൊച്ചി മേയറെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് 

കൊച്ചി: കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘം. ചെറിയമഴ പെയ്താല്‍ പോലും കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇതിനു പുറമെ തെരുവുനായ വിഷയവും കൊതുകുശല്യവും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസത്തെ മഴയിലും കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ പോലും ജനങ്ങള്‍ക്ക് വേണ്ട സഹായമെത്തിക്കാനുള്ള ശ്രമം മേയറുടെയോ മറ്റു കൗണ്‍സിലര്‍മാരുടെയോ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ത്തിയിട്ടുണ്ട്.

ഇതേ മേയര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നുവെന്നും, എന്നാല്‍ മേയറായതില്‍ പിന്നെ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ വിളിച്ചറിയിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഒന്നുകില്‍ രാജി വെയ്ക്കണമെന്നും അല്ലെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Top