സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തിന് സ്റ്റേയില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കമുളള സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹര്‍ജി തള്ളുകയും ചെയ്തു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് തന്നെയാണ് ജോലിക്കാര്‍ തങ്ങുന്നത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയതെന്നും കോടതി വിമര്‍ശിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായി സ്റ്റേ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിര്‍മ്മാണത്തെ അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തിയതിനെയും ഹര്‍ജി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഹര്‍ജി നല്‍കിയത് നിയമ പ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 

Top