There no women DYSP’s in Kerala; As soon as the appointment of women Sub Inspectors

തിരുവനന്തപുരം : സംസ്ഥാന പൊലീസ് സേനയില്‍ വനിതാ ഡി.വൈ.എസ്.പിമാരില്ല. ഏക വനിതാ ഡി.വൈ.എസ്.പി കഴിഞ്ഞ മാസം 31 ന് വിരമിച്ചതോടെയാണിത്.

പൊലീസ് ആസ്ഥാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ സെല്ലില്‍ നിന്നാണ് ഡിവൈഎസ്പിയായിരുന്ന ഉഷാകുമാരി വിരമിച്ചത്. പൊലീസ് ജില്ലകളിലെ വനിതാ സെല്ലുകളെ നേരിട്ട് നിയന്ത്രിക്കുന്ന സ്റ്റേറ്റ് വനിതാ സെല്ലിന്റെ ചുമതലയുള്ള എസ്.പി. പുരുഷനായ ജേക്കബ് ജോബാണ്. ഇദ്ദേഹത്തെ അടുത്തയിടെ ക്രൈംബ്രാഞ്ച് എസ്.പിയായി മാറ്റി നിയമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വനിതാ സെല്ലിന്റെ ചുമതല ഒഴിഞ്ഞിട്ടില്ല.

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി നിസാമിന് അനുകൂലമായ നടപടി സ്വീകരിച്ചുവെന്ന ആക്ഷേപമുയര്‍ന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് ജോബ്. മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തിയുമായുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത് സംബന്ധമായും ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥനെ വനിതാസെല്ലിന്റെ ചുമതല നല്‍കിയതില്‍ വനിതാ പൊലീസുകാര്‍ക്കിടയില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു.

കേരളത്തിലെ പൊലീസ് സേനയെ സ്ത്രീ സൗഹൃദമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമ്പോഴുള്ള അവസ്ഥയാണിത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജില്ലാ വനിതാ സെല്ലുകളുടെ ചുമതല പുരുഷ ഡി.വൈ.എസ്.പി മാര്‍ക്കാണ്.

നിലവില്‍ സംസ്ഥാനത്ത് 40 ഓളം വനിതാ സി.ഐ.മാര്‍ ആണ് ഉള്ളത്. ഇവരില്‍ അര്‍ഹരായവര്‍ക്ക് സീനിയോറിറ്റി പ്രകാരം ഡി.വൈ.എസ്.പി ആയി നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട ഫയല്‍ ഇപ്പോള്‍ ആഭ്യന്തര വകുപ്പില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

അതേസമയം സംസ്ഥാന പൊലീസ് സേനയില്‍ വനിതാ എസ്.ഐ മാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ വിജയികളായ 1000 പേരടങ്ങിയവരുടെ റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ തയ്യാറാക്കാന്‍ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ആഗസ്റ്റ്- സെപ്തംബര്‍ മാസത്തോടെ ഫിസിക്കല്‍ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. 30 ഒഴിവുകളാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമൊപ്പം എസ്.ഐ പരീക്ഷ എഴുതാമെന്ന പ്രഖ്യാപനം വന്നതിന് ശേഷം രണ്ട് പി.എസ്.സി പരീക്ഷകള്‍ നടന്നിരുന്നെങ്കിലും രണ്ടിലും വനിതകളെ തഴയുന്ന നിലപാടായിരുന്നു പി.എസ്.സി സ്വീകരിച്ചിരുന്നത്.

ആദ്യത്തെ ലിസ്റ്റില്‍ വനിതകള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും വനിതകളെ ഒഴിവാക്കി പുരുഷന്‍മാരെ മാത്രമാണ് ട്രെയിനിംഗിന് വിളിച്ചിരുന്നത്. ഇവരില്‍ ഒരു ടീം പരിശീലനം കഴിഞ്ഞ് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. റാങ്കില്‍ മുന്‍ നിരയിലുണ്ടായിരുന്ന സ്ത്രീകളെപോലും അവഗണിച്ച് താഴെയുള്ള പുരുഷന്‍മാരെ ട്രെയിനിംഗിന് വിളിച്ച നടപടി വിവാദമായിരുന്നു.

ഇതിനുശേഷം വീണ്ടും പി.എസ്.സി ഇതേ രൂപത്തില്‍ നടത്തിയ പരീക്ഷയില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനു മുമ്പ് തന്നെ സ്ത്രീകളെ ഒഴിവാക്കി വിജ്ഞാപനം പുതുക്കുകയാണ് ചെയ്തത്. കഷ്ടപ്പെട്ട് പരീക്ഷ എഴുതിയ പതിനായിരങ്ങളെ വഞ്ചിക്കുന്നതായിരുന്നു അധികൃതരുടെ ഈ നടപടി.

പിന്നീടാണ് സ്ത്രീകള്‍ക്ക് മാത്രമായി എസ്.ഐ യോഗ്യത പരീക്ഷ നടത്തിയത്. ഇതിലാണ് ജൂലൈ അവസാനത്തോടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനും സെപ്തംബറോടെ അന്തിമലിസ്റ്റ് തയ്യാറാക്കാനും തീരുമാനിച്ചത്.

നേരിട്ട് വനിതാ എസ്.ഐമാര്‍ നിയമിതരാകുന്നതോടെ ഭാവിയില്‍ ഡിവൈഎസ്പി,എസ്പി തലങ്ങളിലെ സ്ത്രീക്ഷാമം ലഘൂകരിക്കപ്പെടും.

Top