ഓഖി ഭീതി വിട്ടൊഴിയും മുന്നേ ഹൈറേഞ്ച് മേഖലയില്‍ നാശം വിതച്ച് വീണ്ടും ശക്തമായ മഴ

നെടുങ്കണ്ടം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴ ഇടുക്കിയില്‍ നാശം വിതച്ച ഭീതി വിട്ടൊഴിയും മുന്‍പേ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും ശക്തമായ മഴ.

ഇന്നലെ സന്ധ്യയോടെ ചെറിയ തോതില്‍ ആരംഭിച്ച് രാത്രി എട്ടു മണിയോടെ ഹൈറേഞ്ച് മേഖലയില്‍ മിക്കയിടങ്ങളിലും ശക്തമായി മഴ പെയ്തു.

നെടുങ്കണ്ടം മേഖലയില്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം കനത്ത മഴ തുടര്‍ന്നതോടെ പുലര്‍ച്ചയോടെ കോമ്പയാര്‍, ആനക്കല്ല് മേഖലകളില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ വ്യാപകമായി മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി.

റോഡിലും, പാലങ്ങളിലും, കൃഷിയിടങ്ങളിലും അടക്കം പലയിടത്തും വെള്ളം കയറി മുങ്ങി.

കോമ്പയാര്‍-നെടുങ്കണ്ടം റൂട്ടില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. പ്രധാന വിനോദസഞ്ചാര മേഖലയിലേയ്ക്കുള്ള പാതയായ രാമയ്ക്കല്‍മേട്തൂക്കുപാലം റൂട്ടിലും ഗതാഗത സ്തംഭനമുണ്ട്.

കല്ലാര്‍, പാലാര്‍ പുഴകളിലും ചില പാലങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. പലയിടത്തും വെള്ളം ക്രമാധീതമായി ഉയര്‍ന്നതോടെ കോമ്പയാര്‍ മേഖലയില്‍ ഉരുള്‍പ്പൊട്ടിയതായും അഭ്യുഹം പരന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തിക്ക് ഇടയാക്കി.

മാത്രമല്ല, ഈ മേഖലയിലെ ചെറിയ ചെക്ക്ഡാം തകര്‍ന്നതായും അഭ്യൂഹം പരന്നു. വെള്ളം കയറിയും മണ്ണിടിഞ്ഞും മേഖലയിലാകെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

പല വീടുകളിലേയ്ക്കും കൃഷിയിടങ്ങളിലും വെള്ളം കയറിയതായും വിവരമുണ്ട്.

കാര്യമായ നാശനഷ്ടങ്ങള്‍ വിതച്ചില്ലെങ്കിലും ഹൈറേഞ്ച് മേഖലയില്‍ കട്ടപ്പന, ഉപ്പുതറ, കുമളി മേഖലകളിലെല്ലാം ഇന്നലെ രാത്രിയില്‍ ശക്തമായ മഴ ഉണ്ടായി.

Top