ഇടുക്കി: മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് കുറുപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക്. മൂന്നാറിലെ ഭൂമി പതിച്ചു നല്‍കിയതില്‍ അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. ഭൂമി കൈമാറുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിനെ കുറിച്ചോ മുന്‍ മന്ത്രി എംഎം മണിക്കെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ല.
മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്റെ ന്യായീകരണം.
ക്രമവിരുദ്ധമായി പാട്ടം നല്‍കിയ സംഭവങ്ങളുണ്ടെന്ന വിമര്‍ശനം ബി അശോക് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോര്‍ഡിലെ സുരക്ഷ സര്‍ക്കാര്‍ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഒരു ബോധ്യക്കുറവുമില്ല. താന്‍ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേര്‍ത്തു
അതേസമയം കെഎസ്ഇബി ചെയര്‍മാന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്തെത്തി. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്ന് എം എം മണി വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും എം എം മണി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.