ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭാഗത്തു നിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നുകയറാന്‍ ശ്രമിച്ചതെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.
ചൈനയാണ് ആദ്യം വെടിവെച്ചതെന്നും ചൈനീസ് പട്ടാളം നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ കരസേനയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഉടന്‍ പുറത്തിറക്കും.
ഇന്ത്യന്‍ സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്നാണ് ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികര്‍ പ്രത്യാക്രമണം നടത്തി എന്നാണ് ചൈനയുടെ അവകാശവാദം.
പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പര്‍വത പ്രദേശത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായെന്ന് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.