‘കൊടുത്താല്‍ കൊല്ലത്തല്ല, കോട്ടയത്ത് തന്നെ കിട്ടുമെന്നതാണ്’ കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ അവസ്ഥ. വി.ഡി സതീശനും സുധാകരനും കെ.സി വേണുഗോപാലിനും ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത് അപ്രതീക്ഷിത പ്രഹരം തന്നെയാണ്. ഡി.സി.സി അദ്ധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത രമേശ് ചെന്നിത്തല പരസ്യമായി ഇവര്‍ക്കു നല്‍കിയ മുന്നറിയിപ്പ് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ്. അച്ചടക്ക ലംഘമെന്ന വാള്‍ കാട്ടി പേടിപ്പിക്കണ്ട എന്ന് ചെന്നിത്തല പറയുമ്പോള്‍ അതിന് വ്യാപ്തിയും വളരെ കൂടുതലാണ്. 63 വയസ്സുമാത്രമുള്ള തന്നെ ഒതുക്കി നിര്‍ത്തുന്നവരുടെ പ്രായവും ചെന്നിത്തല കോട്ടയം പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. താനും ഉമ്മന്‍ ചാണ്ടിയും നയിച്ചപ്പോള്‍ ഉണ്ടായ നേട്ടങ്ങളുടെ നീണ്ട പട്ടിക ഉയര്‍ത്തി കാട്ടിയാണ് മൂവര്‍ സംഘത്തെ ചെന്നിത്തല പൊളിച്ചടുക്കിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം നടത്തിയ ചെന്നിത്തലയുടെ ഈ നീക്കത്തില്‍ സതീശനും സുധാകരനും മാത്രമല്ല കെ.സി വേണുഗോപാലും പതറിപ്പോയിരിക്കുകയാണ്. ഇതേകുറിച്ച് പ്രതികരിക്കാതെ സതീശനും കെ.സിയും ഒഴിഞ്ഞുമാറിയപ്പോള്‍ പ്രതികരിച്ച സുധാകരന്റെ വാക്കുകള്‍ക്ക് പോലും വീര്യം തീരെ കുറവായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായ അവസ്ഥയിലാണിപ്പോള്‍ ഈ മൂവര്‍ സംഘമുള്ളത്. ‘വെളുക്കാന്‍ തേച്ചത് പാണ്ടായ ‘ അവസ്ഥയാണിത്. കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗവും ‘ഐ’ വിഭാഗവും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സാഹചര്യമാണ് നിലവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ചെന്നിത്തലയുടെ കോട്ടയത്തെ പ്രതികരണത്തോടെ എ-ഐ ഗ്രൂപ്പുകള്‍ ഉഷാറായി കഴിഞ്ഞു. കെ.സി വേണുഗോപാലിനെ കേരളത്തില്‍ അടുപ്പിക്കില്ലന്ന കടുത്ത തീരുമാനമാണ് ഗ്രൂപ്പുകള്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ഹൈക്കമാന്റിനെ തെറ്റിധരിപ്പിച്ച് കേരളത്തില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ് കെ.സി ചെയ്തതെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് പരാതിയും നല്‍കിക്കഴിഞ്ഞു. ദേശീയ തലത്തില്‍ കെ.സി വേണുഗോപാലിനെതിരെ നേതാക്കളെ കൂട്ടു പിടിക്കാനുള്ള നീക്കങ്ങളും തകൃതിയാണ്. തന്റെ പഴയ ബന്ധങ്ങള്‍ ഉപയോഗിച്ച് രമേശ് ചെന്നിത്തല തന്നെയാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയോടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് തോറ്റമ്പിയാല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കെ.സി തെറിക്കും. അതല്ലങ്കില്‍ ലോകസഭ തിരഞ്ഞെടുപ്പ് വരെ മാത്രം അതിനപ്പുറം കെ.സിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍.
നിലവില്‍ ദേശീയ തലത്തില്‍ തന്നെ കെ.സിക്ക് ശത്രുക്കളും കൂടുതലാണ്. ഈ ‘എരിതീയിലേക്കാണ് ‘ കേരള നേതാക്കള്‍ ഇപ്പോള്‍ എണ്ണ ഒഴിക്കാന്‍ ശ്രമിക്കുന്നത്. കെ.സി വേണു ഗോപാല്‍ ശരിക്കും പേടിക്കേണ്ട നീക്കം തന്നെയാണിത്. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിച്ചാല്‍ അത് കെ.സിയെ സംബന്ധിച്ച് പുറത്താകുന്ന അവസ്ഥക്ക് സമാനമാകും. അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്നവരുടെ കാര്യവും അതോടെ പരുങ്ങലിലാകും. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും സ്വപ്‌നങ്ങള്‍ കൂടിയാണ് ഇത്തരമൊരു സാഹചര്യത്തില്‍ തകര്‍ന്ന് തരിപ്പണമാകുക. കേരളത്തില്‍ പറയത്തക്ക സ്വാധീനം ഇല്ല എന്നതാണ് കെ.സിയും സുധാകരനും സതീശനും എല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി. കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടി നില്‍ക്കാനുള്ള ശേഷി ഹൈക്കമാന്റിനും ഇല്ല. ഈ തിരിച്ചറിവു കൊണ്ടാണ് വൈകിയാണെങ്കിലും അവര്‍ സമവായ നീക്കത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
‘കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ് ആരും കണ്ണടയ്‌ക്കേണ്ടന്നും അധികാരം കിട്ടിയാല്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിക്കരുതെന്നും’ രമേശ് ചെന്നിത്തലയാണ് പറഞ്ഞതെങ്കിലും അത് പറയിപ്പിച്ചത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയാണ്. ഇക്കാര്യം ഹൈക്കമാന്റിനും നല്ലപോലെ ബോധ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം രമേശിന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നതാണ് ‘എ’ ഗ്രൂപ്പിന്റെ നിലപാട്. ഇത് ഗ്രൂപ്പ് നേതാവ് കൂടിയായ കെ.സി ജോസഫ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എ-ഐ സംയുക്തപോരാട്ടത്തിന്റെ കാഹളമായി കോട്ടയം മാറിയപ്പോള്‍ അതിന്റെ അലയൊലി സംസ്ഥാനത്താകെയാണ് ഇപ്പോള്‍ അലയടിച്ചിരിക്കുന്നത്. ഗ്രൂപ്പ് മാറിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ടി സിദ്ധിഖിനും എല്ലാം വീണ്ടും ഉമ്മന്‍ ചാണ്ടി സ്തുതിയുമായി രംഗത്ത് വരേണ്ടി വന്നതും നിലനില്‍പ്പു മുന്നില്‍ കണ്ടാണ്. തങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണെന്നാണ് ഇരുവരും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവരെ ഇനി അടുപ്പിക്കേണ്ടതില്ലന്നതാണ് ‘എ’ ഗ്രൂപ്പിന്റെ ഉറച്ച തീരുമാനം.
ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നേരെ പ്രതികരിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇനി ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും വിജയിക്കില്ലന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. അതായത് ഹൈക്കമാന്റ് സീറ്റു നല്‍കിയാലും കാലുവാരല്‍ ഉറപ്പെന്ന് വ്യക്തം. ഇതേ ഭീഷണി തന്നെയാണ് കെ.സുധാകരനും വി.ഡി സതീശനും ഇനി നേരിടേണ്ടി വരിക. എ – ഐ ഗ്രൂപ്പുകള്‍ ചതിച്ചാല്‍ ഇവരും ദയനീയമായി പരാജയപ്പെടും. സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും ഗ്രൂപ്പുകള്‍ക്കു മീതെ ഒരു വിജയം കെ.സുധാകരനും സ്വപ്‌നം മാത്രമായാണ് മാറുക. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്ന ഹൈക്കമാന്റ് കണക്കു കൂട്ടലുകളാണ് ഇവിടെ പിഴച്ചിരിക്കുന്നത്. സംഘടനയല്ല ജനകീയ നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അടിത്തറ ഉമ്മന്‍ചാണ്ടി ഒഴികെ ജനസ്വാധീനമുള്ള ഒരു നേതാവും ആ പാര്‍ട്ടിയില്‍ ഇന്നില്ല. സെമി കേഡര്‍ പാര്‍ട്ടിയാക്കാന്‍ നോക്കി ഉള്ള അടിത്തറയും തകര്‍ക്കുന്ന ഏര്‍പ്പാടാണ് നിലവില്‍ നടന്നിരിക്കുന്നത്.
ഇതോടെ പൊതുവെ ദുര്‍ബലമായ കോണ്‍ഗ്രസ്സിനെ കേരളത്തിലും ഹൈക്കമാന്റ് പെരുവഴിയിലാക്കിയിരിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസ്സിനെ തോല്‍വിയിലേക്ക് നയിച്ച കുടുംബമാണ് ഗ്രൂപ്പാധിപത്യം ചൂണ്ടിക്കാട്ടി കേരളത്തിലും കോണ്‍ഗ്രസ്സിന്റെ അടിവേര് തകര്‍ത്തിരിക്കുന്നത്. സോണിയ ഗാന്ധി മാറാതെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാറണമെന്ന് ആഗ്രഹിച്ചത് തന്നെ വലിയ തെറ്റാണ്. കോണ്‍ഗ്രസ്സ് കോട്ടയായിരുന്ന അമേഠിയില്‍ തോറ്റമ്പിയ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ അദ്ദേഹത്തെ വയനാട്ടില്‍ നിന്നും വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളെ മൂലക്കിരുത്താനും കൂട്ടു നിന്നിരിക്കുന്നത്. നന്ദിയില്ലാത്ത ഏര്‍പ്പാടാണിത്. വയനാട് അല്ലാതെ രാജ്യത്ത് രാഹുലിന് വിജയിക്കാന്‍ ശേഷിയുള്ള എത്ര മണ്ഡലമുണ്ട് എന്നതും ഹൈക്കമാന്റ് ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇതാണ് സമീപനമെങ്കില്‍ രണ്ടാം ഊഴത്തിന് വയനാട്ടില്‍ കാലു കുത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യവും അതോടെ തീരുമാനമാകും അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയവും ഉണ്ടാവേണ്ടതില്ല.
EXPRESS KERALA VIEW