ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. ഇനിയും, കല്‍ക്കരി വിതരണം വര്‍ധിപ്പിക്കും. ഒക്ടോബര്‍ 21നുശേഷം രണ്ട് മില്ല്യണ്‍ ടണ്‍ വരെ കല്‍ക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യം. രാജ്യത്തിന്റെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കല്‍ക്കരിക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ഉന്നതതലയോഗം ചേര്‍ന്നിരുന്നു. കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.