പൊലീസ് ഇത്രയധികം പണം ചിലവിട്ട മറ്റൊരു കേസും ഉണ്ടാകില്ല !

സുകുമാരക്കുറുപ്പ് എവിടെ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കേരള പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും കുറുപ്പ് ഇപ്പോള്‍ ജീവനോടെ ഉണ്ടാകില്ലെന്നാണ് ആ അന്വേഷണത്തില്‍ പങ്കെടുത്ത പൊലീസിലെ ഉന്നതരെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഹൃദ്രോഗബാധയാല്‍ സുകുമാരക്കുറുപ്പ് ഉത്തരേന്ത്യയില്‍ വച്ച് മരണമടഞ്ഞിരിക്കാമെന്നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും അവര്‍ വിശ്വസിക്കുന്നത്. ഇനിയും കുറുപ്പ് തിരിച്ചെത്തുമെന്ന് പൊലീസ് കരുതുന്നതേയില്ല. എന്നാല്‍ കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള കേസായി ഇന്നും നിലനില്‍ക്കുന്നതാണ് സുകുമാരക്കുറുപ്പിന്റെത്.

കേരള പൊലീസില്‍ ഏറ്റവും കൂടുതല്‍ ടിഎ എഴുതി വാങ്ങിയ കേസാണ് സുകുമാരക്കുറുപ്പിന്റെത്. ഗള്‍ഫിലെ 13 രാജ്യങ്ങളിലും ഇന്ത്യയിലെ പലപല സംസ്ഥാനങ്ങളിലും പൊലീസ് സംഘങ്ങള്‍ പോയി അന്വേഷിച്ചു. ലാസ്വേഗാസിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ വരെ പോയി. അങ്ങനെ കേരള പൊലീസിന് ഏറ്റവും കൂടുതല്‍ ടിഎ (ട്രാവല്‍ അലവന്‍സ്) ചെലവായ കേസാണ് സുകുമാരക്കുറുപ്പിന്റെത്.

സുകുമാരക്കുറുപ്പിനെ അന്വേഷിച്ച് ലോകം ചുറ്റിയ വഴിയില്‍ പൊലീസ് സംഘം നൂറില്‍ അധികം പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ മാത്രം സുകുമാരക്കുറുപ്പിനെപോലിരിക്കുന്ന 32 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ചോദ്യം ചെയ്തുവരുമ്പോഴാണ് സുകുമാരക്കുറുപ്പല്ല എന്ന് മനസിലായത്. എന്നാല്‍ നിരപരാധികള്‍ക്ക് നല്ല ഇടിയും കിട്ടി. ഇന്റര്‍പോളിനും പലതവണ അമളി പറ്റി. നാലഞ്ച് സുകുമാരക്കുറുപ്പുമാരെ അവരും അറസ്റ്റു ചെയ്തു.

സുകുമാരക്കുറുപ്പിന്റെ ‘മരണവുമായി’ ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ പൊലീസിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ സമര്‍ത്ഥനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരിദാസാണ് കേസ് അന്വേഷിച്ചത്. ആക്സിഡന്റ് കേസ് ആയി മാറുമായിരുന്ന സംഭവത്തിന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് ഹരിദാസിന് തോന്നിയ ചില സംശയങ്ങള്‍ കൂടിയാണ്.മരണം നടന്ന വീട് ആയിട്ടു കൂടി സുകുമാരക്കുറുപ്പിന്റെ വീട്ടിലെ ആരുടെയും മുഖത്ത് സങ്കടമോ കണ്ണുനീരോ ഉണ്ടായിരുന്നില്ല. ആര്‍ക്കും ഒരു ഭാവവ്യത്യാസവുമില്ല. തന്റെ പുതുപുത്തന്‍ കാറിനു പകരം വളരെ പഴക്കം ചെന്ന കാറാണ് സുകുമാരക്കുറുപ്പ് യാത്രയക്ക് ഉപയോഗിച്ചത്.

പരിഷ്‌കാരിയായ കുറുപ്പ് എന്തിന് പഴഞ്ചന്‍ കാറ് ഉപയോഗിച്ചുവെന്നതും അന്വേഷണ ഉദ്യോഗസ്ഥനില്‍ സംശയം ജനിപ്പിച്ചു. സംശയം തോന്നി മൂന്ന് മണിക്കൂറിനുള്ളില്‍ തിരികെ കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസിന് ചിക്കന്‍ പാചകം ചെയ്തതിന്റെ മണം ലഭിച്ചു. നായന്മാരുടെ ഭവനത്തില്‍ പുലയടിയന്തിരം കഴിയുന്നതുവരെ മാംസം പാചകം ചെയ്യാറില്ല. ഇത് സംശയം ഇരട്ടിപ്പിച്ചു. അങ്ങനെ ബുദ്ധിമാനായ ഹരിദാസ് അക്സിഡന്റ് കേസ് ആയി രജസ്റ്റര്‍ ചെയ്യാതെ സുകുമാരക്കുറുപ്പിന്റെ ‘മരണം’ കൊലപാതക കേസായി രജിസ്റ്റര്‍ ചെയ്തു. ഒടുവില്‍ അന്വേഷണത്തിന്റെ നാള്‍വഴിയിലൂടെ ഒരു മഹാപാതകം മറ നീക്കി പുറത്തുവന്നു. കൊല്ലപ്പെട്ടത് കുറുപ്പല്ല, കുറുപ്പ് കൊല്ലുകയായിരുന്നു.

കുറുപ്പ് എന്ന സിനിമയിലൂടെ സുകുമാരക്കുറുപ്പ് വീണ്ടും ചര്‍ച്ചയിലെത്തുമ്പോള്‍ കേരള പൊലീസിനെ വട്ടംകറക്കിയ കുറുപ്പിന്റെ പിന്നാമ്പുറം എങ്ങനെ ചികയാതിരിക്കും. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ ആ കുറ്റകൃത്യം കേരളം ഇന്നും മറന്നിട്ടില്ല.ലോംഗ് പെന്‍ഡിംഗ് കേസായി അവശേഷിക്കുമ്പോഴും കുറ്റാന്വേഷകരാരും സുകുമാരക്കുറുപ്പിനെ ഇനി പ്രതീക്ഷിക്കുന്നില്ല. കുറുപ്പ് ഹൃദ്രോഗത്താല്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അന്ന് എസ്.ഐ.ടിയിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായിരുന്ന റിട്ട.എസ്.പി ജോര്‍ജ് ജോസഫ് മണ്ണുശേരി പറയുന്നത്.

കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് , ‘ ജോഷി സണ്‍ ഓഫ് ഡോ.സരളജോഷി ‘ എന്ന വ്യാജ മേല്‍വിലാസത്തില്‍ ബീഹാര്‍,ബംഗാള്‍ തുടങ്ങിയയിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു. ഏറ്റവുമൊടുവില്‍ 1990 ജനുവരി 14 ന് ബംഗാളിന്റെയും ബീഹാറിന്റെയും അതിര്‍ത്തിയിലുള്ള റൂക്ക് നാരായണ്‍പൂര്‍ പബ്‌ളിക്ക് ഹെല്‍ത്ത് സെന്ററിലെ ഒ.പിയില്‍ പി.ജെ.ജോഷി എന്നപേരില്‍ കുറുപ്പ് പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയയും മൂന്നുമാസത്തെ വിശ്രമവും നിര്‍ദ്ദേശിച്ചെങ്കിലും പിടിക്കപ്പെടുമെന്ന ഭയംമൂലം സ്ഥലംവിടുകയായിരുന്നു.പിന്നീട് ഒരു ആശുപത്രിയിലും കുറുപ്പെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കുറുപ്പ് മരിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജോര്‍ജ് ജോസഫിന്റെ വാദം. അനാഥശവമായി കുറുപ്പിനെ മറവ് ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മരിച്ചയാളുടെ മൃതദേഹം, പ്രായം, വിലാസം , ഫോട്ടോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ സുകുമാരക്കുറുപ്പ് മരിച്ചതായി എഴുതിച്ചേര്‍ത്തിട്ടില്ല. ആ കേസ് ഫയല്‍ ലോംഗ് പെന്‍ഡിംഗായി (എല്‍.പി) തുടരുകയാണ്. തെളിവുകള്‍ ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഫയല്‍ ഓപ്പണ്‍ ചെയ്യാനാവും എന്ന പ്രതീക്ഷയോടെ.

 

Top