വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ദ്. അദ്ദേഹം മമ്മൂട്ടിയെ വച്ച് എടുക്കുന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേഷകര്‍ ഒന്നടങ്കം. മമ്മൂട്ടിയെ നായകനാക്കി ക്രിഷാന്ദ് സംവിധാനം ചെയ്യുക ഒരു ടൈം ട്രാവല്‍ ചിത്രമായിരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരു പഴയ അഭിമുഖത്തില്‍ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പുരുഷ പ്രേതത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷ് ആണ് മമ്മൂട്ടി- ക്രിഷാന്ദ് ചിത്രം വരുമോ എന്ന ചോദ്യത്തിന് ആദ്യം മറുപടി പറയുന്നത്.
‘അത് ഉണ്ടാവും. മമ്മൂക്ക തന്നെ എന്നോട് പറഞ്ഞു. കൃഷാന്ദുമായിട്ട് സഹകരിക്കും. പക്ഷേ അത് എന്നായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കൃഷാന്ദിന്റെ കൈയില്‍ മമ്മൂക്കയ്ക്ക് പറ്റിയ കഥകളൊക്കെ ഉണ്ട്. നമ്മള്‍ തിരക്ക് കൂട്ടിയിട്ട് കാര്യമില്ല. കൃഷാന്ദിന്റെ മനസിലുള്ളതില്‍ ഏത് ആദ്യം സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. സന്തോഷമെന്താണെന്നുവെച്ചാല്‍ പറഞ്ഞ രണ്ട് മൂന്ന് കഥകളിലും ഞാന്‍ ഉണ്ട്’, ജഗദീഷ് പറഞ്ഞിരുന്നു. പിന്നീടാണ് ചുരുങ്ങിയ വാക്കുകളില്‍ ആ ചിത്രത്തെക്കുറിച്ച് ക്രിഷാന്ദ് പറയുന്നത്. ‘ഒരു ക്രേസി കഥ ഉണ്ട്. അതില്‍ ജഗദീഷ് സാറും ഉണ്ട്. കുറച്ച് ഇംപോസിബിള്‍ സിനിമയാണ് അത്. പേടിയാവുന്നുണ്ട് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ’, ക്രിഷാന്ദിന്റെ ഈ വാക്കുകളെ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചകള്‍.