ബ്രക്‌സിറ്റ് വകുപ്പിന് നല്‍കിയിരുന്ന അധികാരങ്ങള്‍ പിടിച്ചെടുത്ത് തെരേസ മേ

ബ്രസല്‍സ്:ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലും, വിലപേശലിലും ബ്രക്‌സിറ്റ് വകുപ്പിന് നല്‍കിയിരുന്ന അധികാരങ്ങള്‍ പിടിച്ചെടുത്ത് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളുടെ നിയന്ത്രണം താന്‍ വ്യക്തിപരമായി ഏറ്റെടുക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ മേയുടെ വിവാദ ബ്രക്‌സിറ്റ് ഗുരു ഒലിവര്‍ റോബിന്‍സിന്റെ പ്രാധാന്യം ചര്‍ച്ചയാകുന്നുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 100 ജീവനക്കാരെ തനിക്ക് കീഴില്‍ കൊണ്ടുവന്ന് ക്യാബിനറ്റ് ഓഫീസില്‍ രഹസ്യ യൂറോപ്പ് യൂണിറ്റ് സൃഷ്ടിച്ചാണ് റോബിന്‍സ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പ് മുതല്‍ നടപ്പാക്കല്‍ വരെയുള്ള കാര്യങ്ങളില്‍ ഇദ്ദേഹത്തിന് ഉത്തരവാദിത്വം കാണും. ഇതോടെ ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബിന് കരാറില്ലാതെ പുറത്തുവരുന്ന അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകാം.

അടുത്ത വര്‍ഷം കരാര്‍ നേടാതെ പുറത്തുവന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് റാബ് നടത്തുക. പ്ലാനിംഗ് ഉദ്യോഗസ്ഥരെയാണ് ഇതിനായി തന്റെ ടീമിലേക്ക് നിയോഗിക്കുന്നത്. റോബിന്‍സും, ഡേവിഡ് ഡേവിസും തമ്മിലുള്ള പിടിവലി നേരത്തെ മുതല്‍ പരസ്യമാണ്. എന്നാല്‍ ഇതിന് പിന്നില്‍ രഹസ്യ നീക്കങ്ങളില്ലെന്നും ഡേവിസ് രാജിവെച്ചത് കൊണ്ട് താന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ്‌ റോബിന്‍സ് വാദം ഉന്നയിക്കുന്നത്.

Top