Theresa May ‘won’t be afraid’ to challenge Donald Trump

ലണ്ടന്‍: ഉള്‍ക്കൊള്ളന്‍ പറ്റാത്ത നിലപാടുകളോ പ്രഖ്യാപനങ്ങളോ ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

യോജിപ്പില്ലാത്ത വിഷയങ്ങളില്‍ ട്രംപിനോട് എതിര്‍പ്പറിയിക്കാന്‍ ഭയമില്ലെന്നും മേ വ്യക്തമാക്കി. യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും ഭീകരവാദത്തിനെതിരായ യോജിച്ചുള്ള പോരാട്ടവുമാകും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകുക. നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചും സഖ്യത്തിന്റെ നിലനില്‍പിന് അംഗരാജ്യങ്ങള്‍ വഹിക്കേണ്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ നിര്‍ണായക ചര്‍ച്ചകളുണ്ടാകും.

വ്യാഴാഴ്ച വാഷിങ്ടനിലെത്തുന്ന തെരേസ മേ പുതിയ യുഎസ് പ്രസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാവാകും. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സുശക്തമായ സൗഹൃദം വിഷമംപിടിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുമെന്നു മേ പ്രത്യാശ പ്രകടിപ്പിച്ചു. നാറ്റോയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ പ്രധാനവിഷയമാകുമെന്നും അവര്‍ വ്യക്തമാക്കി.

വനിതകള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായി തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് നടത്തിയ പ്രസ്താവനകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോടു യോജിപ്പില്ലെന്നു താന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നായിരുന്നു തെരേസയുടെ മറുപടി. ഇത്തരം പ്രസ്താവനകള്‍ പലതും നടത്തിയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുള്ള കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് തെരേസ മേയുടെ യുഎസ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. കഴിഞ്ഞദിവസം സിഐഎ ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപും തെരേസയുടെ സന്ദര്‍ശനത്തെക്കുറിച്ചു സൂചന നല്‍കിയിരുന്നു.

Top