തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതിയെ എതിര്‍ത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള മേയുടെ നീക്കം തങ്ങളുമായുള്ള വ്യാപാരബന്ധത്തെ ഇല്ലാതാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രസിഡന്റ്, തെരേസാ മേയുമൊത്തുള്ള ഡിന്നറിന് മുന്‍പാണ് ഈ പ്രസ്താവന നടത്തിയത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്ര്‌സ്താവന.

യൂറോപ്യന്‍ യൂണിയന്റെ നിയമാവലി അംഗീകരിച്ചുകൊണ്ടുള്ള ഒരു പിന്മാറ്റത്തിനാണ് മേ ശ്രമിക്കുന്നതെന്നും അങ്ങിനെയൊരു അവസ്ഥ സംജാതമായാല്‍ യു.എസ് ബ്രിട്ടന് പകരം യൂറോപ്യന്‍ യൂണിയനുമായി വ്യാപാരബന്ധം ഉറപ്പിക്കുമെന്നും ട്രമ്പ് തുറന്നടിച്ചു.

2019 ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പരിപൂര്‍ണ്ണമായി വിടുതല്‍ നേടുന്നത്. യു.എസുമായുള്ള വ്യാപാര ബന്ധമാണ് ബ്രിട്ടനെ ബ്രെക്‌സിറ്റിന് പ്രേരിപ്പിക്കുന്നത്. ട്രംപിന്റെ പ്രസ്താവന ബ്രിട്ടന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിഫലമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ട്രംപിന്റെ വിമര്‍ശനം പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടിയിലും രാജ്യത്തിനകത്തും മേ ഒറ്റപ്പെടാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ ട്രംപിന് തെരേസ മേയോട് ബഹുമാനമാണെന്നും അവരുടെ കഴിവില്‍ പ്രസിഡന്റിന് വിശ്വാസമുണ്ടെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ട്രംപിനോടൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്നായിരുന്നു ഇതിനെക്കുറിച്ച് തെരേസ മേയുടെ വക്താവ് പറഞ്ഞത്.

Top