ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടന്‍ തനതായ നിയമവ്യവസ്ഥയിലേക്ക് ചുവടുമാറുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.
യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയില്‍നിന്ന് ബ്രിട്ടന്‍ പുറത്തുവരുമെന്നും തെരേസ മേ പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഈ ആഗ്രഹം പൂര്‍ണമായും നടപ്പാക്കുക സാധ്യമല്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.
കൂടാതെ യൂറോപ്യന്‍ നിയമങ്ങള്‍ ഭാഗികമായെങ്കിലും അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പറയുന്നു.
ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനില്‍ താമസിക്കുന്ന മറ്റു യൂറോപ്യന്‍ പൗരന്മാര്‍ക്കും ബ്രിട്ടിഷ് നിയമങ്ങളാകും പിന്നീടു ബാധകമാകുക.
നിലവില്‍ ബ്രിട്ടനില്‍ പ്രാവര്‍ത്തികമായുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പലതും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ബ്രിട്ടിഷ് നിയമങ്ങളെക്കാള്‍ ഗുണകരമാണ്. ഇത് ഇല്ലാതാകുന്നോടെ തൊഴില്‍ നിയമങ്ങളും മറ്റും കൂടുതല്‍ കര്‍ശനമാകും.
യൂണിയനിലെ അംഗരാജ്യങ്ങളെല്ലാം യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനാണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും ഇപ്പോള്‍ അന്തിമപരിഹാരം ഈ കോടതിയിലൂടെയാണ്.
എന്നാല്‍ ബ്രെക്‌സിറ്റിനായുള്ള ബ്രിട്ടന്റെ പുതിയ നയരേഖയില്‍ ഭാവിയില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധി അംഗീകരിക്കുന്നില്ല.
2019ല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടന്‍ തനതായ നിയമവ്യവസ്ഥയിലേക്കു ചുവടുമാറ്റും. അതുവരെ കേവലം ജുഡീഷ്യല്‍ സൂപ്പര്‍വിഷനുള്ള അധികാരം മാത്രമേ ബ്രിട്ടന്‍ യൂറോപ്യന്‍ കോര്‍ട്ടിനു വാഗ്ദാനം ചെയ്യുന്നുള്ളു.