‘ആളില്ലാ’ പാർട്ടികളുടെ ഈ മന്ത്രിമാർ സി.പി.എമ്മിനു വലിയ ബാധ്യതയാകും !

തിരുവനന്തപുരം: സി.പി.എമ്മിനു പറ്റിയ വലിയ തെറ്റാണ് ആളില്ലാ പാര്‍ട്ടികളിലെ നേതാക്കളെ മന്ത്രിമാരാക്കിയ സംഭവം. ഈ മന്ത്രിമാരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ജനവിഭാഗത്തിന് ഇപ്പോള്‍ വലിയ ബാധ്യതയാണ്. എന്‍.സി.പി, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്, ജെ.ഡി.എസ് എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയ നടപടി ഒരിക്കലും അര്‍ഹതയ്ക്കുള്ള അംഗീകാരമായി കാണാന്‍ കഴിയില്ല. സി.പി.എമ്മിന്റെ ഔദാര്യമായി മാത്രമേ കാണാന്‍ സാധിക്കൂ.

ഇടതുപക്ഷത്ത് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ളത് കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സി.പി.എമ്മിനാണ്. അതു കഴിഞ്ഞാല്‍ ചില ജില്ലകളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി  വിഭാഗവുമാണ്. ഇതാണ് വസ്തുത. ഒറ്റയ്ക്കു മത്സരിച്ചാല്‍, ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത ഘടക കക്ഷികളുടെ മന്ത്രിമാര്‍, വലിയ തലവേദനയാണ് ഇതിനകം തന്നെ ഇടതുപക്ഷത്തിന് ഉണ്ടാക്കിയിരിക്കുന്നത്.

ഐ.എന്‍.എല്‍ എന്ന പാര്‍ട്ടി തന്നെ പിളര്‍ന്നു കഴിഞ്ഞു. അധികാര കേന്ദ്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആ പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായിരിക്കുന്നത്. മുന്നണി അനുവദിച്ച ‘സ്ഥാനത്തെ’ പോലും കച്ചവടക്കണോടെ സമീപിക്കുന്ന ഈ പാര്‍ട്ടിയെ മുന്നണിയില്‍ നിന്നും പുറത്താക്കേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിഭാഗം ഐ.എന്‍. എല്ലാണ് പ്രശ്‌നത്തിന് എല്ലാം കാരണമെന്നതും വ്യക്തമായി കഴിഞ്ഞു.

ഈ സര്‍ക്കാറിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാറിന് പേരുദോഷം ഉണ്ടാക്കിയ മന്ത്രിയാണ് എന്‍.സി.പിയുടെ എ.കെ ശശീന്ദ്രന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നാണംകെട്ട് രാജിവയ്‌ക്കേണ്ടി വന്ന ഈ മന്ത്രിക്ക് പിന്നീട് മന്ത്രി പദം തിരികെ ലഭിച്ചത് തന്നെ, ഹണി ട്രാപ്പുകാരിയായ യുവതി കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറാകാത്തത് കൊണ്ടു മാത്രമാണ്.

ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തും മന്ത്രിയായി അധികാരമേറ്റപ്പോഴും ഗുരുതര ആരോപണമാണ് ശശീന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്നത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടതും, പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണവും എല്ലാം തുടര്‍ന്നു പുറത്തു വരികയുണ്ടായി.

എന്‍സിപി സംസ്ഥാന നേതാവിനെതിരായ പരാതിയിലാണ് മന്ത്രി നിയമ വിരുദ്ധ ഇടപെടല്‍ നടത്തിയിരുന്നത്. ‘പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയിലാണ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പറഞ്ഞതെന്നും, പരാതി ഒത്തുതീര്‍പ്പാക്കണമെന്നല്ല പറഞ്ഞതെന്നും’ പറഞ്ഞ് പിന്നീട് മന്ത്രി വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. അന്നു തെറിക്കേണ്ട മന്ത്രി സ്ഥാനത്ത് ഇപ്പോഴും അദ്ദേഹം തുടരുകയാണ്. ശശീന്ദ്രന്‍ കൈകാര്യം ചെയ്യുന്ന വനം വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുയര്‍ന്ന ചില വിവാദങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇയാള്‍ മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്നതാണ്.

പിന്നെയുള്ളത് ജെ.ഡി.എസ് മന്ത്രിയായ കെ. കൃഷ്ണന്‍ കുട്ടിയാണ്. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത്തവണ വൈദ്യുതി വകുപ്പിന്റെ പ്രകടനം വളരെ മോശമാണ്. മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് തന്നെ പരസ്യമായി രംഗത്തു വരേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. കെഎസ്ഇബി ചെയര്‍മാനെ ‘ കയറൂരി ‘ വിടുന്ന ഏര്‍പ്പാടാണ് മന്ത്രി ചെയ്യുന്നതെന്നാണ് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും തുറന്നടിച്ചിരിക്കുന്നത്.

”വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റിയെന്ന് ” തുറന്നടിച്ച മുന്‍ വൈദ്യതി മന്ത്രി എം.എം മണി, പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മനസ്സിലാക്കണമെന്നാണ് കൃഷ്ണന്‍കുട്ടിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നത്. കെഎസ്ഇബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സര്‍ക്കാറിന് തലവേദനയുണ്ടാക്കിയ സംഭവങ്ങളായിരുന്നു ഇതെല്ലാം. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ‘രണ്ടര വര്‍ഷം’ മന്ത്രിയായ ഗതാഗത മന്ത്രിയും മുന്നണിക്ക് ബാധ്യതയായിരിക്കുകയാണ്.

വിദ്യാര്‍ത്ഥി കണ്‍സഷെനുമായി ബന്ധപ്പെട്ട് ആന്റണി രാജു നടത്തിയ പരാമര്‍ശം വിദ്യാര്‍ത്ഥി സമൂഹത്തോട് തന്നെയുള്ള അവഹേളനമാണ്. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും മന്ത്രിക്കെതിരെ രൂക്ഷമായാണ് രംഗത്തു വന്നിരിക്കുന്നത്. ‘നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നാണ് ‘ ആന്റണി രാജു തുറന്നടിച്ചിരുന്നത്. അതു കൊണ്ടു തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാദവും അദ്ദേഹം ഉയര്‍ത്തുകയുണ്ടായി.

എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍, തെരുവില്‍ ചോര ചീന്തി നടത്തിയ പോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ് ഈ കണ്‍സെഷനെന്നതാണ് മന്ത്രി മറന്നു പോയിരിക്കുന്നത്. പേരിന് പറയാന്‍ പോലും ഒരു വിദ്യാര്‍ത്ഥി സംഘടന പോലും ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായ ആന്റണി രാജുവിന് ചരിത്രം അറിയില്ലെങ്കില്‍, അത് പഠിക്കാനാണ് ആദ്യം തയ്യാറാകേണ്ടത്. അതല്ലങ്കില്‍, സര്‍ക്കാറിലെ മുന്‍ എസ്.എഫ്.എ എ.ഐ.എസ്.എഫ് നേതാക്കളായ മന്ത്രിമാര്‍ ‘പഠിപ്പിച്ചു’ കൊടുക്കുകയാണ് വേണ്ടത്.

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല, അത് അവരുടെ അവകാശമാണ്. അതില്‍ തൊട്ടു കളിച്ചാല്‍, മന്ത്രിയായി ആന്റണി രാജുവിന് പുറത്തിറങ്ങി നടക്കാന്‍ കഴിയുകയില്ലന്നതും ഓര്‍ത്തു കൊള്ളണം. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍ എന്നതെന്ന്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവും പ്രസിഡന്റ് വി.എ വിനീഷും ഇപ്പോള്‍ മന്ത്രിയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും മന്ത്രിയുടെ നിലപാടിനെതിരെ ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി സ്വയം തിരുത്താന്‍ തയ്യാറാകണം. അതല്ലങ്കില്‍, ഇടതുപക്ഷ നേതാക്കള്‍ ഇടപെട്ട് തിരുത്തിക്കണം. അതിന് അദ്ദേഹം തയ്യാറായില്ലങ്കില്‍, മന്ത്രിസഭയില്‍ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്.

EXPRESS KERALA VIEW

Top