കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ഗായിക രശ്മി സതീഷ്. ജാസി ഗിഫ്റ്റ് എന്ന കലാകാരന്റെ പാട്ടുകള്‍ ഈ തലമുറയെയും എത്രത്തോളം ആവേശഭരിതരാക്കുന്നുവെന്ന് നേരിട്ട് കണ്ടിട്ടുള്ളയാളാണ് താന്‍. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരന്റെ മൈക്ക് തട്ടിപ്പറിക്കാനുള്ള ബോധം മാത്രമേ ആ പ്രിന്‍സിപ്പാളിനുളളൂ. ഇത്തരം അരസികര്‍ക്കൊപ്പം ആ ക്യാമ്പസില്‍ സമയം ചെലവഴിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് കൂടിയാവും ഇതെന്ന് രശ്മി സതീഷ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
‘ജാസിചേട്ടോ…. 20 വര്‍ഷങ്ങള്‍ക്കു ശേഷവും, ഇപ്പോ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ വരെ ചേട്ടന്റെ പാട്ടുകള്‍ക്ക് എത്രമാത്രം ആവേശം കൊള്ളുന്നു എന്നുള്ളത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അതിനുപുറമേ ഞാന്‍ വ്യക്തിപരമായി ഒരുപാടൊരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ചേട്ടന്‍. ജാസി ചേട്ടന്റെ പാട്ടുകള്‍ ഉണ്ടാക്കിയ ഓളമൊന്നും മറ്റാരുടെയും പാട്ടുകള്‍ ഇന്നുവരെ കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല. സ്റ്റേജില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ഒരു കലാകാരന്റെ കയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കാനുള്ള വിവരക്കേട് മാത്രമേ ആ പ്രിന്‍സിപ്പാളിന്റെ ബോധത്തിലുള്ളൂ. അത്ര തരം താഴ്ന്ന പൊതുബോധമേ അത്തരം മനുഷ്യര്‍ക്കുള്ളൂ. നിങ്ങളെപ്പോലുള്ള മനുഷ്യരെ മനസ്സിലാക്കാനും സ്‌നേഹിക്കാനും ബഹുമാനിക്കാനും അവര്‍ക്കിനിയും ജനിക്കേണ്ടിവരും. ഇത്തരം അരസികര്‍ക്കൊപ്പം ആ ക്യാമ്പസില്‍ സമയം ചെലവഴിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് കൂടിയാവും ഇത്,’ രശ്മി സതീഷ് കുറിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ജാസി ഗിഫ്റ്റും രംഗത്തെത്തിയിരുന്നു. പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ട്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് മൈക്ക് പിടിച്ചു വാങ്ങി പ്രിന്‍സിപ്പാള്‍ പറഞ്ഞത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന നിലപാടെടുത്ത പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.