തങ്ങള്‍ ഒറ്റക്കെട്ട്; പ്രതിപക്ഷ സഖ്യത്തിന്റെ പേരിനോട് വിയോജിപ്പെന്ന റിപ്പോര്‍ട്ടുകളെ തള്ളി നിതീഷ് കുമാര്‍

Nithish-Kumar

ബെംഗളൂരു: പ്രതിപക്ഷ സഖ്യത്തിന്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ട്. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കുന്നതിനെ നിതീഷ് കുമാര്‍ എതിര്‍ത്തു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരിനെപ്പറ്റി കോണ്‍ഗ്രസ് യോഗത്തില്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. തീരുമാനിച്ച പേര് കേട്ടപ്പോള്‍ നിതീഷ് കുമാര്‍ ഞെട്ടിപ്പോയെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ നിതീഷ് കുമാര്‍ തള്ളി. തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Indian National Developmental Inclusive Alliance എന്നതിന്റെ ചുരുക്ക രൂപമാണ് INDIA. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുന്നതിനായാണ് രാജ്യത്തെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നത്. ബെംഗളൂരുവില്‍ വച്ചായിരുന്നു പാര്‍ട്ടി നേതാക്കളുടെ കൂടിക്കാഴ്ച. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം, ആം ആദ്മി പാര്‍ട്ടി, ജനത ദള്‍, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങി വിവിധ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

ഇതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.

Top