തെറ്റ് പറ്റിയാല്‍ അത് തിരുത്താനും തിരുത്തിക്കാനും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒട്ടും മടികാണിക്കാറില്ല. ആ ചരിത്രം തന്നെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും ഇപ്പോള്‍ പിന്തുടര്‍ന്നിരിക്കുന്നത്. ജോസഫൈന്റെ പരാമര്‍ശം പൊതു സമൂഹത്തില്‍ അവമതിപ്പിന് കാരണമായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതു പോലെ തന്നെ അവര്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയല്ലന്നതും വിമര്‍ശകര്‍ ഓര്‍ക്കണം. വനിത കമ്മിഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍ ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇക്കാര്യവും വ്യക്തമാകും.
ഇവിടെ ഇരകളോട് സംസാരിക്കുമ്പോള്‍ ഉണ്ടായ പിഴവാണ് ജോസഫൈന് തിരിച്ചടിയായിരിക്കുന്നത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ ആരോട് എന്ത് തന്നെ സംസാരിച്ചാലും അതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന കാലത്ത് എന്തു പറഞ്ഞാലും അത് സെന്‍സേഷനലാകും. അക്കാര്യത്തില്‍ അവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നു. ഈ പിഴവിനാണ് സ്വയം രാജിവച്ച് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ച നിലപാടും അഭിനന്ദനീയമാണ്. പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്‍ രാജി വച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇനി പറയാനുള്ളത് പ്രതിപക്ഷത്തോടാണ് പ്രത്യേകിച്ച് മഹിളാ കോണ്‍ഗ്രസ്സുകാരോടാണ്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് എ.കെ.ജി സെന്ററിനു മുന്നില്‍ വരെ പ്രതിഷേധ കൊടി പിടിച്ച നിങ്ങള്‍ കോണ്‍ഗ്രസ്സിലെ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. രാജ്യം ഞെട്ടിയകൊലപാതകമായിരുന്നു 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തണ്ടൂര്‍ കെലക്കേസ്. ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ചെറിയ ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ചത് ആരായിരുന്നു എന്നത് മഹിളാ കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സ് നേതാക്കളും മറന്നു പോകരുത്. ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കൃത്യം നടത്തിയത് യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതാവായിരുന്ന സുശീല്‍ കുമാറായിരുന്നു.
1995ലായിരുന്നു സംഭവം. 26 വയസ്സു മാത്രം പ്രായമുള്ള ഭാര്യ നൈനയുടെ പാതിവ്രത്യത്തില്‍ സംശയം തോന്നിയാണു ശര്‍മ അരും കൊല നടത്തിയതെന്നതാണ് പൊലീസ് കേസ്. സംഭവം നടന്ന 1995 ജൂലൈ രണ്ടിനു രാത്രി ശര്‍മ, മന്ദിര്‍ മാര്‍ഗിലെ അവരുടെ വീട്ടിലെത്തുമ്പോള്‍ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭര്‍ത്താവിനെ കണ്ടയുടന്‍ നൈന ഫോണ്‍ താഴെവച്ചപ്പോള്‍ സംശയം തോന്നിയ ശര്‍മ അതേ നമ്പര്‍ വീണ്ടും കറക്കിനോക്കിയപ്പോള്‍ മറുവശത്ത് കാമുകനെന്നു നേരത്തേതന്നെ അദ്ദേഹത്തിന് സംശയമുള്ള മത്‌ലുബ് കരിമിന്റെ ശബ്ദമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയായിരുന്നു ഈ കരീമും.
ക്ഷുഭിതനായ ശര്‍മ ഉടനെ തന്നെ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ച് വീഴ്ത്തുകയാണുണ്ടായത്.സ്‌പോട്ടില്‍ കൊല്ലപ്പെട്ട നൈനയുടെ മൃതദേഹം, തുടര്‍ന്ന് ശര്‍മ കാറിലാക്കി, റസ്‌റ്റോറന്റില്‍ കൊണ്ടുചെല്ലുകയും മാനേജര്‍ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പില്‍കത്തിക്കുകയാണുണ്ടായത്. വിചാരണ കോടതി 2003ല്‍ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചെങ്കിലും 2007ല്‍ ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്. പിന്നീട് സുപ്രീംകോടതി തന്നെ വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു കൊടുത്തതും കോടതി രേഖകളില്‍ വ്യക്തമാണ്. ഈ കേസില്‍ 23 വര്‍ഷമാണ് സുശീല്‍ തടവ് ശിക്ഷ അനുഭവിച്ചത്.
പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണു പ്രതിയെന്നതു കൂടി കണക്കിലെടുത്താണ് വധ ശിക്ഷ കോടതി റദ്ദാക്കിയിരുന്നത്. വധശിക്ഷ ലഭിക്കുന്നവര്‍ക്കുള്ള തടവിലാണ് 10 വര്‍ഷമായി പ്രതി കഴിഞ്ഞിരുന്നതെന്നും കോടതി വിലയിരുത്തുകയുണ്ടായി. കൊല്ലപ്പെട്ട നൈന സാഹ്നി ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ്സ് വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. ന്യൂഡല്‍ഹി അശോക് യാത്രി നിവാസിലെ ബഗിയ റസ്റ്ററന്റിന്റെ തന്തൂരി അടുപ്പിലാണ് നൈനയുടെ ജഡം പാതികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ ദൃശ്യം ആദ്യം കണ്ടത് ഡല്‍ഹി പൊലീസിലെ മലയാളി കോണ്‍സ്റ്റബിളായ അബ്ദുള്‍ നസീറാണ്. ഇക്കാര്യങ്ങളെല്ലാം യൂത്ത് കോണ്‍ഗ്രസ്സിന്റെ പുതിയ തലമുറക്ക് അറിയില്ലങ്കില്‍ മൂത്ത കോണ്‍ഗ്രസ്സ് നേതാക്കളോട് ചോദിച്ചു നോക്കുക. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി സ്ത്രീ പീഢന കേസുകളിലാണ് ഖദര്‍ ധാരികള്‍ പ്രതികളായിരിക്കുന്നത്.
കൊടും കുറ്റ കൃത്യം നടത്തിയാലും അവരെ സംരക്ഷിച്ച പാരമ്പര്യവും ഖദര്‍ രാഷ്ട്രിയത്തിനുണ്ട്. ഇതെല്ലാം വസ്തുതകളുമാണ്. ഇക്കാര്യങ്ങള്‍ നാട് മറന്നു എന്നു കരുതിയാണ് മഹിളാ കോണ്‍ഗ്രസ്സുകാര്‍ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് എ.കെ.ജി സെന്ററിനു മുന്നല്‍ ഇപ്പോള്‍ ഷോ കളിച്ചിരിക്കുന്നത്. ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റിലായത് കണ്ണൂര്‍ ചക്കരക്കല്ലിലാണ്. കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം കൂടിയാണ് അറസ്റ്റിലായ ഈ മാന്യനെന്നതും മഹിളാ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കണം. യുവതിയെയും മകളെയും പീഡിപ്പിച്ച കേസില്‍ കായംകുളം പൊലീസ് കേസെടുത്തതും മറ്റൊരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെയാണ്. അറസ്റ്റിലാവുമ്പോള്‍ ഇയാള്‍ ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു.
രണ്ട് സംഭവത്തിലും ഇരകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതു പോലെ ചൂണ്ടിക്കാണിക്കാന്‍ വലുതും ചെറുതുമായ നിരവധി ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. അതും ഓര്‍ത്തു കൊള്ളണം. ഇങ്ങനെ സ്വന്തം പാളയത്തിലെ ക്രൂരതകള്‍ക്കെതിരെ ഉയരാത്ത മുഷ്ടികളാണ് ഇപ്പോള്‍ എ.കെ.ജി സെന്ററിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ്സുകാര്‍ ഉയര്‍ത്തിയിരിക്കുന്നത്. കേവലം ഒരു ടെലിവിഷന്‍ ഷോ എന്നതിന് അപ്പുറം ഒരു പ്രാധാന്യവും ഈ പ്രതിഷേധത്തിനില്ല. ജോസഫൈന്‍ രാജിവച്ചത് സി.പി.എം നിര്‍ദ്ദേശപ്രകാരമാണ്. അതല്ലാതെ പ്രതിപക്ഷ പ്രതിഷേധം കണ്ട് പേടിച്ചിട്ടൊന്നുമല്ല തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ഇക്കാര്യം സി.പി.ഐ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് നേതാക്കളും ഓര്‍ക്കണം.
പ്രതിപക്ഷത്തിന്റെ ഒപ്പം നിന്ന് വലതുപക്ഷ സ്വഭാവമാണ് നിങ്ങള്‍ കാണിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് തീരുമാനമെടുക്കാന്‍ ചില രീതികള്‍ ഒക്കെയുണ്ട്. അതിനുള്ള താമസം മാത്രമേ ഇവിടെ ഉണ്ടായിട്ടൊള്ളു. ഏതാനും വ്യക്തികള്‍ ചാടിക്കളിച്ചാല്‍ പേടിച്ച് തീരുമാനമെടുക്കുന്ന ചരിത്രം എ.ഐ.എസ്.എഫിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകാം ആ ലിസ്റ്റില്‍ എന്തായാലും സി.പി.എമ്മിനെ നിങ്ങള്‍ പെടുത്തേണ്ടതില്ല. ഞങ്ങള്‍ മനസ്സിലാക്കിയടത്തോളം വിവാദ സംഭാഷണം പുറത്ത് വന്നപ്പോള്‍ തന്നെ സി.പി.എം നേതൃത്വം ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ് ഇപ്പോള്‍ രാജിയിലൂടെ ജോസഫൈനും നടപ്പാക്കിയിരിക്കുന്നത്. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും.