ഒരു കാലത്ത് ‘ഒരണ’ സമരത്തിലൂടെ കരുത്താര്‍ജിച്ച സംഘടനയാണ് കെ.എസ്.യു. വയലാര്‍ രവി, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളെയെല്ലാം സംഭാവന ചെയ്ത സംഘടനയാണിത്. കാമ്പസുകള്‍ കയ്യടക്കിയ ആ പഴയ കാലം ഇന്ന് നീല പതാക വാഹകര്‍ക്ക് വെറും ഓര്‍മ്മകള്‍ മാത്രമാണ്. പഴയ ശക്തിയുടെ ഒരു ചെറിയ ശതമാനം പോലും ഇന്ന് കെ.എസ്.യുവിന് കേരളത്തിലില്ല. ഒരു മത്സരത്തില്‍ പങ്കെടുക്കാനുള്ള മിനിമം നമ്പര്‍ പോലും ആ സംഘടനക്ക് നഷ്ടമായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്.
സര്‍വ്വകലാശാലാ യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പേ എസ്.എഫ്.ഐ ഇവിടെ വിജയിച്ചിരിക്കുകയാണ്. നോമിനേഷന്‍ നല്‍കിയപ്പോള്‍ തന്നെ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ എസ്.എഫ്.ഐക്ക് എതിരില്ല. പതിനഞ്ച് എക്‌സ്‌ക്യൂട്ടീവില്‍ പതിമൂന്നിലും അക്കൗണ്ട്‌സ് കമ്മിറ്റി, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നിവയില്‍ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐക്ക് എതിരില്ല. സെനറ്റില്‍ പത്തില്‍ ഏഴ് സീറ്റുകളിലാണ് എസ്.എഫ്.ഐ പാനലിന് എതിരാളികളില്ലാത്തത്. വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പേയുള്ള ഈ തകര്‍പ്പന്‍ വിജയം എസ്.എഫ്.ഐയെ സംബന്ധിച്ച് ഏറെ ആവേശം ഉയര്‍ത്തുന്നതാണ്.
മന്ത്രി കെ.ടി ജലീലിന്റെ രാജിയ്ക്കായി തെരുവില്‍ അടി മേടിക്കുന്ന കെ.എസ്.യു നേതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ട സന്ദര്‍ഭമാണിത്. ആദ്യം കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ അംഗീകാരം നേടിയെടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. എന്നിട്ടു വേണം തെരുവിലേക്കിറങ്ങാന്‍. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അംഗീകാരമില്ലാത്തവര്‍ കോണ്‍ഗ്രസ്സിനു വേണ്ടി കലാപക്കൊടി ഉയര്‍ത്തിയിട്ട് എന്തു കാര്യമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളും ചിന്തിക്കണം. കോണ്‍ഗ്രസ്സ് സൈബര്‍ ഗ്രൂപ്പുകളില്‍ പോലും ഇപ്പോള്‍ ചര്‍ച്ച കെ.എസ്.യുവിന്റെ ഈ ദയനീയ അവസ്ഥയാണ്. കെ.എസ്.യുവിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ്. സ്വന്തം പോഷക സംഘടനകളെ ഗ്രൂപ്പ് പോരാട്ടത്തിന് മാത്രമായാണ് നേതാക്കള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇതിനപ്പുറം വിദ്യാര്‍ത്ഥി വിഷയത്തില്‍ ഇടപെടാന്‍ കെ.എസ്.യുവിനും കഴിഞ്ഞിട്ടില്ല. അതു കൊണ്ടാണ് ഖദര്‍ ധാരികളുടെ മക്കള്‍ പോലും കാമ്പസുകളില്‍ എത്തുമ്പോള്‍ എസ്.എഫ്.ഐ ആയി മാറുന്നത്. ഇതിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. വിദ്യാര്‍ത്ഥി രംഗത്തെ തിരിച്ചടി യുവജന രംഗത്തും കോണ്‍ഗ്രസ്സിപ്പോള്‍ നേരിടുന്നുണ്ട്. ഡി.വൈ.എഫ്.ഐയുമായി ഒരു താരതമ്യത്തിനുള്ള ശേഷി പോലും യൂത്ത് കോണ്‍ഗ്രസ്സിനും നിലവിലില്ല. ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിലൂടെ കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസ്സിനും ശക്തി പകരാനാണ് കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ അതും ഇപ്പോള്‍ പാളിയിരിക്കുകയാണ്.
ഖുറാനില്‍ തൊട്ട് കൈപൊള്ളിയ അവസ്ഥയിലാണ് യു.ഡി.എഫ് നേതൃത്വം. വിശുദ്ധ ഗ്രന്ഥത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വലിച്ചിഴക്കുന്നതിന് മുസ്ലീം ലീഗും ഏറെ പഴി കേട്ടു കഴിഞ്ഞു. സമസ്തയും കാന്തപുരവുമെല്ലാം ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. കേരള സര്‍വ്വകലാശാലയില്‍ നിന്നും വന്ന വാര്‍ത്ത സമരക്കാരുടെയും ആത്മവിശ്വാസം ചോര്‍ത്തി കളഞ്ഞിട്ടുണ്ട്. വലിയ വെല്ലുവിളിയാണ് രാഷ്ട്രീയമായി നിലവില്‍ യു.ഡി.എഫ് നേരിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തത് അവരുടെ വോട്ട് ബാങ്കിനെയാണ് ബാധിക്കുക. ബി.ജെ.പിയുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. എ.ബി.വി.പിയുടെയും യുവമോര്‍ച്ചയുടെയും ശേഷി സംസ്ഥാനത്ത് വളരെ കുറവാണ്.
മലപ്പുറം പോലുള്ള ചില ജില്ലകളില്‍ മാത്രം ഒതുങ്ങുന്നതാണ് എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും സ്വാധീനം. കേരള കോണ്‍ഗ്രസ്സ് തന്നെ ത്രിശങ്കുവിലായതിനാല്‍ ആ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി – യുവജന സംഘടനകളെ കുറിച്ച് ഒരു വിലയിരുത്തലിന് പോലും ഇപ്പോള്‍ പ്രസക്തിയില്ല. എന്നാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഇതല്ലഅവസ്ഥ. സി.പി.എമ്മിന്റെ ശക്തമായ അടിത്തറയാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും. ഭരണഘടനയില്‍ തന്നെ സ്വതന്ത്ര പ്രവര്‍ത്തനം വിഭാവനം ചെയ്യുന്ന സംഘടനകളാണിത്. ശക്തമായ കേഡര്‍ സംവിധാനമാണ് ഇരു സംഘടനകള്‍ക്കുമുള്ളത്. കാമ്പസുകളില്‍ ചോദ്യം ചെയ്യപ്പെടാത്ത സംഘടനയായി എസ്.എഫ്.ഐ മാറിയിട്ട് കാലം കുറേയായി. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലാ യൂണിയനുകളും ഭരിക്കുന്നത് ഇപ്പോഴും എസ്.എഫ്.ഐയാണ്. മറ്റു പൊതു ജനാധിപത്യ വേദികളിലും ഈ മേധാവിത്വം പ്രകടമാണ്.
എസ്.എഫ്.ഐ ജയിക്കുന്ന കോളേജുകളുടെ എണ്ണം പരിശോധിച്ചാല്‍ എതിരാളികളുടെ പോലും കണ്ണുകള്‍ തള്ളിപ്പോകും. ലീഗിന്റെ ശക്തികേന്ദ്രമായി അവകാശപ്പെടുന്ന മലപ്പുറത്ത് പോലും എസ്.എഫ്.ഐ രചിച്ചത് ചരിത്രമാണ്. മാധ്യമങ്ങളുടെ പരിലാളന ലഭിച്ചിട്ട് പോലും പ്രതിപക്ഷ സംഘടനകള്‍ക്ക് ഇവിടെയൊന്നും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ‘ഏകാധിപത്യം’ എന്ന ആരോപണം ഉന്നയിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും അടുത്തയിടെ നല്‍കിയിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ വന്‍ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നത്.
ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫുമായി ധാരണയുണ്ടാക്കിയിട്ട് പോലും കെ.എസ്.യുവിന് നിലം തൊടാന്‍ കഴിഞ്ഞിട്ടില്ലെന്നതും നാം ഓര്‍ക്കണം. എസ്.എഫ്.ഐ വിരുദ്ധമുന്നണിയെയാണ് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തിരസ്‌ക്കരിച്ചിരുന്നത്. പുതിയ തലമുറയുടെ ഈ ചുവപ്പ് സ്‌നേഹം ഇടതുപക്ഷ രാഷ്ട്രീയത്തിന് നല്‍കുന്ന പ്രതീക്ഷകളും വളരെ വലുതാണ്. ഭരണ തുടര്‍ച്ച പിണറായി സര്‍ക്കാറിന് ലഭിച്ചാല്‍ യു.ഡി.എഫ് സംവിധാനം തന്നെയാണ് തകര്‍ന്ന് തരിപ്പണമാകാന്‍ പോകുന്നത്. അഞ്ചു വര്‍ഷം കൂടി ഭരണമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസ്സിനും ലീഗിനും കഴിയുകയില്ല. ഭരണം ലഭിക്കുമെന്ന ഒറ്റ പ്രതീക്ഷയിലാണ് തെരുവില്‍ അവരുടെ അണികള്‍ അടി മേടിച്ച് കൂട്ടുന്നത്.
വാങ്ങിയ അടിക്ക് ‘ഗുണം’ ലഭിച്ചില്ലെങ്കില്‍ ഈ അണികള്‍ തന്നെയാണ് നേതൃത്വത്തിനെതിരെ തിരിയുക. അതേസമയം സി.പി.എമ്മിനെ സംബന്ധിച്ച് അങ്ങനെയല്ല കാര്യങ്ങള്‍. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് ഒരു ക്ഷീണവും സംഭവിക്കുകയില്ല. പ്രതിപക്ഷത്തായിരിക്കുമ്പോഴാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കൂടുതല്‍ ശക്തിയാര്‍ജിക്കാറുള്ളത്. ഇപ്പോള്‍ രണ്ടടി കിട്ടിയപ്പോള്‍ തന്നെ മോങ്ങുന്നവര്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളുടെ അനുഭവ ചരിത്രമാണ് പരിശോധിക്കേണ്ടത്. ചോരയില്‍ എഴുതിവച്ച ആ ചരിത്രം ചരിത്രതാളുകളില്‍ ഇപ്പോഴും ദൃശ്യമാണ്.