അവർ പേമാരി പോലെ പറന്നെത്തി . . . മുൾമുനയിൽ നിൽക്കുന്നത് രാജ്യം ! !

ഷ്ടകാലം വരുമ്പോള്‍, എല്ലാം ഒരുമിച്ച് വരുമെന്ന അവസ്ഥയെയാണ്, ജനങ്ങളിപ്പോള്‍ അഭിമുഖീകരിക്കുന്നത്.

കോവിഡ് ഭീഷണിക്കൊപ്പമാണ് ഉംപുന്‍ ചുഴലിക്കാറ്റും വന്നിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ വലിയ നാശ നഷ്ടമാണ് ഈ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നും വരുന്ന വാര്‍ത്തകളും ഞെട്ടിക്കുന്നതാണ്. അവിടെ മിഷിഗനില്‍, അണക്കെട്ട് തകര്‍ന്ന് വലിയ പ്രളയമാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ വെട്ടുകിളികളാണ് ദുരന്ത വാഹകരായി ലാന്‍ഡ് ചെയ്തിരിക്കുന്നത്. അതാകട്ടെ ഇന്ത്യയിലുമാണ്. കൊലയാളി വൈറസിനൊപ്പം, ഈ ഭീഷണിയെയും നേരിടേണ്ട സാഹചര്യമാണ് രാജ്യത്തിനുള്ളത്. പാക്ക് ഭീകരരില്‍ നിന്നുമാത്രമല്ല, പാക്ക് വെട്ടുകിളികളില്‍ നിന്നും, രാജ്യത്തെ സംരക്ഷിക്കേണ്ട അവസ്ഥയാണിത്.

പതിവിലും നേരത്തെയുള്ള വെട്ടുകിളി ആക്രമണം, വലിയ നാശനഷ്ടമാണ് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്.

2020ല്‍, ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത അപകടസാധ്യതയുണ്ടെന്ന്, ഐക്യരാഷ്ട്ര സഭ തന്നെ, നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ആഘാതം മുന്‍വര്‍ഷത്തേക്കാള്‍ 2-3 മടങ്ങ് കൂടുതലായിരിക്കുമെന്നായിരുന്നു വെളിപ്പെടുത്തല്‍. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യുഎന്‍ മുന്നറിയിപ്പിനെ തുടര്‍ന്ന്, കൃഷി മന്ത്രാലയം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അതിനേയും വെട്ടിനിരത്താനാണ് വെട്ടുകിളി കൂട്ടങ്ങള്‍ നിലവില്‍ ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച ചില അതിര്‍ത്തി സ്ഥലങ്ങളില്‍ ഡ്രോണുകള്‍, ഉപഗ്രഹവുമായി ബന്ധപ്പെടാവുന്ന ഉപകരണങ്ങള്‍, പ്രത്യേക ഫയര്‍-ടെന്‍ഡറുകള്‍, സ്പ്രേയറുകള്‍ എന്നിവ വിന്യസിച്ച് വരികയാണ്. ഇതിനെല്ലാം പുറമെ യുകെയില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനും കൃഷി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ നടപടികള്‍ പാളിയാല്‍ പട്ടിണിയിലേയ്ക്കാണ് കാര്യങ്ങള്‍ ഇനി പോകുക.

വെട്ടുകിളികള്‍ക്ക് പ്രതിദിനം, 150 കിലോമീറ്റര്‍ വരെയാണ് പറക്കാന്‍ കഴിയുക. ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടം, ഒറ്റ ദിവസം കൊണ്ട് 35,000 പേര്‍ക്കുള്ള ഭക്ഷണമാണ് അകത്താക്കുക. ഇക്കാര്യം ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ, ‘വെട്ടുകിളി വിവര’ ബുള്ളറ്റിനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനകം തന്നെ, പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളി കൂട്ടങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രവേശിച്ചിരിക്കുന്നത്.ഈ കൂട്ടം രണ്ട് ലക്ഷം ഹെക്ടറിലധികം വരുന്ന പരുത്തി വിളകള്‍ക്കും പച്ചക്കറികള്‍ക്കും വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രത്തില്‍ നിന്നും അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രാജസ്ഥാന്‍, കീടനാശിനികള്‍ തളിക്കുന്നതിന് കൂടുതല്‍ സ്പ്രേ വാഹനങ്ങള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ 15 ജില്ലകളിലാണ് വെട്ടുകിളി ആക്രമണ സാധ്യതയുള്ളത്. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ഹരിയാനയും പഞ്ചാബും നിലവില്‍ അതീവ ജാഗ്രതയിലാണ്.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യയിലുമായി, രണ്ട് ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യരെയാണ്, വെട്ടുകിളികള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

ഇത്യോപ്യ, സൊമാലിയ രാജ്യങ്ങള്‍, കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് നേരിടുന്നത്. കെനിയയില്‍ 70 വര്‍ഷത്തിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളിശല്യമാണ് ഉണ്ടായിരിക്കുന്നത്. ഉഗാണ്ട, സൗത്ത് സുഡാന്‍, ഇറാന്‍, സൗദി അറേബ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും വെട്ടുകിളികള്‍ പെരുകുകയാണ്.

പരമാവധി 11 സെന്റി മീറ്റര്‍ മാത്രം വലിപ്പവും, രണ്ട് ഗ്രാം മാത്രം ഭാരവുമുള്ളതാണ് വെട്ടുകിളികള്‍. പുല്‍ച്ചാടികളോട് സാമ്യമുള്ള ജീവികളാണിത്.

ശരീരത്തിന്റെ ഭാരത്തോളം തന്നെയുള്ള ഭക്ഷണമാണ് ഇവ അകത്താക്കുക. ഇലകള്‍, ചില്ലകള്‍, പഴങ്ങള്‍, വിത്തുകള്‍, മുളകള്‍, മരത്തൊലി, അരി, ചോളം, ബാര്‍ലി, കരിമ്പ്, പഞ്ഞി, വാഴ, ഈന്തപ്പന, കള എന്നിങ്ങനെ എന്തും ഇവറ്റകള്‍ ആഹാരമാക്കും.

ഇത്യോപ്യയും വടക്കന്‍ സൊമാലിയയുമാണ് ഈ അപകടകാരികളുടെ പ്രഭവകേന്ദ്രങ്ങള്‍. ഇറാനില്‍ നിന്നും മുട്ടയിട്ടു വിരിഞ്ഞ വെട്ടുകിളികളാണ്, പാകിസ്ഥാനിലേക്കും ഇപ്പോള്‍, ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുന്നത്.

Express View

Top