അമര്‍ ജവാന്‍ ജ്യോതി മാതൃകയില്‍ അയോധ്യയില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ശിവസേന. രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കാനാണ് ഇത്തരമൊരു സ്മാരകം പണികഴിപ്പിക്കേണ്ടതെന്നാണ് സേനയുടെ വാദം.
സേന മുഖപത്രമായ സാമ്‌നയിലാണ് രക്തസാക്ഷികളായി മാറിയവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. ‘രാമക്ഷേത്രത്തിനായി നിരവധി പേര്‍ രക്തസാക്ഷികളായി. അമര്‍ ജവാന്‍ മാതൃകയില്‍ ഈ രക്തസാക്ഷികളുടെ പേരെഴുതിയ സ്മാരകം വേണം. സരയൂ നദിയുടെ തീരത്താണ് ഇത് നിര്‍മ്മിക്കേണ്ടത്’, സേന പറയുന്നു.
രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേനയുടെയും, മറ്റ് ഹൈന്ദവ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു. സരയൂ നദിയുടെ തീരങ്ങളിലാണ് നിരവധി പേര്‍ രക്തസാക്ഷികളായത്. ഇവിടം രക്തകലുഷിതമായിരുന്നു, സേന ഓര്‍മ്മിപ്പിച്ചു.
ബാബറിയിലേക്ക് ശിവസൈനികര്‍ കുതിച്ചുകയറിയ വിഷയങ്ങളും സേന എഴുതി. ‘ബാബറിയുടെ മുകളില്‍ കയറിയത് ശിവ സൈനികരാണ്. ഇതിന്റെ രാഷ്ട്രീയ ഗുണം സേന ഒരിക്കലും ഏറ്റെടുത്തില്ല, മുഖപ്രസംഗം പറയുന്നു. സുപ്രീംകോടതി വിധിയോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് ഗതിവേഗം വന്നിരിക്കുന്നു. ഒരു ട്രസ്റ്റ് തയ്യാറായിട്ടുണ്ട്, 2024നുള്ളില്‍ ക്ഷേത്രവും വരും. ഇത് ബിജെപിക്ക് ഉറപ്പായും ഗുണം ചെയ്യും, ശിവസേന വ്യക്തമാക്കി.
2024 പൊതുതെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ വിഷയങ്ങള്‍ വിലപ്പോകില്ലെന്നും അവര്‍ ബിജെപിയെ പരിഹസിച്ചു. രാമക്ഷേത്രമാണ് വില്‍ക്കാന്‍ കഴിയുക. ട്രസ്റ്റിലെ പലരും ബിജെപിയുടെ അടുപ്പക്കാരാണ്, പ്രധാനമന്ത്രി മോദി പ്രവര്‍ത്തനം നേരിട്ട് വീക്ഷിക്കുന്നുണ്ടെന്നും, മുഖപ്രസംഗം പറയുന്നു.