ഒളിംപിക്‌സില്‍ രാജ്യത്തിന് അഭിമാനമായ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 11 ഒളിമ്പിക് ഗെയിംസുകളിലായി രാജ്യത്തിന് അഭിമാനമായവരില്‍ കേരളത്തില്‍ നിന്നുള്ള പതിനഞ്ചിലധികം വനിതാ അത്‌ലറ്റുമാരുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തവണ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വനിതാ അത്‌ലറ്റു പോലും ഉള്‍പ്പെട്ടിട്ടില്ല.
40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ഇന്ത്യ ഒളിംപിക് ഗെയിംസിനെത്തിയിരിക്കുന്നത്. എട്ടു മലയാളികളാണ് നിലവില്‍ ഇന്ത്യന്‍ സംഘത്തിലുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നും ഇത്രയും പുരുഷ അത്‌ലറ്റുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.
20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍, ലോങ് ജമ്പില്‍ എം ശ്രീശങ്കര്‍ എന്നിവരും റിലേ ടീമില്‍ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, അലക്‌സ് ആന്റണി എന്നിവരുമാണ് ഇന്ത്യന്‍ സംഘത്തിലുള്ള മലയാളികള്‍. ഇതില്‍ കെ.ടി ഇര്‍ഫാന്‍ 2012ലും 2016 ലും നടന്ന ഒളിംപിക്‌സുകളില്‍ ഇതേ വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ട്. 2012ല്‍ പത്താമതായി ഫിനിഷ് ചെയ്യാനും ഇര്‍ഫാന് സാധിച്ചിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്‌സിലാകട്ടെ പിന്‍തുടയില്‍ പരിക്കേറ്റതിനാല്‍ പിന്മാറേണ്ടിയും വന്നു.
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ തന്റെ മികച്ച വ്യക്തിഗത നേട്ടമായ 1 മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്റ് സമയത്തിലാണ് ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാക്കിയതെന്നതും ശ്രദ്ധേയമാണ്. 2013ല്‍ നടന്ന ഐഎഎഎഫ് വേള്‍ഡ് റേസ് വാക്കിങ് ചലഞ്ചില്‍ അഞ്ചാമനായി ഫിനിഷ് ചെയ്തതും 2017ലെ ഏഷ്യന്‍ റേസ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതുമാണ് 31കാരനായ ഇര്‍ഫാന്റെ മറ്റ് സുപ്രധാന നേട്ടങ്ങള്‍.
ടോക്കിയോയില്‍ ഇന്ത്യയ്ക്കായി ലോങ്ജംപില്‍ മത്സരിക്കുന്നത് മലയാളിയായ 22കാരന്‍ മുരളി ശ്രീശങ്കറാണ്. ഒളിംപിക്‌സ് യോഗ്യതയ്ക്കായി പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ എത്തിപ്പിടിക്കേണ്ടിയിരുന്നത് 8.22 മീറ്റര്‍ ആയിരുന്നെങ്കില്‍ 8.26 മീറ്റര്‍ ചാടിക്കൊണ്ടാണ് മുരളി ടോക്കിയോയിലേയ്ക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. മുരളിയുടെ 8.26 മീറ്റര്‍ നീളത്തിലുള്ള ചാട്ടം ഈ വിഭാഗത്തിലെ ദേശീയ റെക്കോര്‍ഡും അന്താരാഷ്ട്ര തലത്തില്‍ 11ാമത്തെ മികച്ച ചാട്ടവുമാണ്.
400 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സ് ടീമിലാണ് ജാബിര്‍ മാടാരി ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്നത്. 48.90 എന്ന ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക് കടക്കാനായില്ലെങ്കിലും ലോകറാങ്കിങ്ങില്‍ 14 പേര്‍ക്കുള്ള ക്വാട്ടയില്‍ ഒരാളായി ഇടംപിടിച്ചാണ് ജാബിര്‍ ഒളിംപിക്‌സ് പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. മുന്‍പ് 2017, 2019 വര്‍ഷങ്ങളിലെ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടി മികവറിയിച്ച താരം കൂടിയാണ് ജാബിര്‍.
4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്ന 26കാരനായ മുഹമ്മദ് അനസ് യഹിയയും കേരളത്തിന്റെ പ്രതീക്ഷയാണ്. നേരത്തെ വെറും 45.21 സെക്കന്റില്‍, 400 മീറ്റര്‍ ഓടിത്തീര്‍ത്ത് ദേശീയ റെക്കോര്‍ഡിട്ടിട്ടുള്ള അനസ് 2016 റിയോ ഒളിംപിക്‌സില്‍ വ്യക്തിഗത 400 മീറ്റര്‍, 4×400 പുരുഷ റിലേ എന്നീ വിഭാഗങ്ങളിലും മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തിഗത മത്സര രംഗത്ത് ഈ ചെറുപ്പക്കാരന്‍ ഇല്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. മിക്‌സഡ് റിലേ ടീമില്‍ വിസ്മയ, ജിഷ്ണ മാത്യു, നോവ നിര്‍മല്‍ ടോം എന്നിവര്‍ക്കൊപ്പമാണ് അനസ് ടോക്കിയോയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം 4×400 പുരുഷ റിലേ ടീമില്‍ അനസ് മത്സരിക്കുവാനും സാധ്യത കൂടുതലാണ്.
മുഹമ്മദ് അനസിനൊപ്പം ടോക്കിയോയില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അംഗമാണ് മലയാളിയായ നോവ നിര്‍മല്‍ ടോം. 2019ല്‍ നടന്ന ചെക്ക് ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലെ 45.75 സെക്കന്റ് ആണ് ഈ 26കാരന്റെ മികച്ച വ്യക്തഗത സമയം. ടീമിലെ അവസാന പൊസിഷനില്‍ ഓടുന്ന നോവയുടെ മിന്നല്‍ വേഗത്തിന്റെ മികവിലാണ് ഇന്ത്യ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നത്. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്നതിനു പിന്നിലും ഈ ചെറുപ്പക്കാരിന്റെ വിയര്‍പ്പുണ്ട്. ടോക്കിയോ ഒളിംപിക്‌സിലെ 4×400 റിലേ പുരുഷ ടീമിലും, നോവ ഇടംപിടിക്കാന്‍ സാധ്യത ഏറെയാണ്.
ടോക്കിയോ ഒളിംപിക്‌സില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയിലെ മറ്റൊരു മലയാളി സാന്നിദ്ധ്യമാണ് അലക്‌സ് ആന്റണി. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ നാഷണല്‍ ട്രയല്‍സില്‍ 47.83 സെക്കന്റിനുള്ളില്‍ റിലേ പൂര്‍ത്തിയാക്കിയതോടെയാണ് അലക്‌സിനെ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മലയാളി പി.ആര്‍ ശ്രീജേഷാണ് ഇത്തവണ ഇന്ത്യന്‍ ഹോക്കി ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം. 2006ല്‍ കൊളംബിയയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് മുതല്‍ ദേശീയ ജഴ്‌സിയില്‍ കളിയാരംഭിച്ച ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍ വല കാക്കുന്നതില്‍ മിടുക്കനാണ്. 2012, 2016 ഒളിപിക്‌സുകളില്‍ ടീം ക്യാപ്റ്റനായ അദ്ദേഹം രണ്ട് തവണയും ഇന്ത്യയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇത്തവണ സ്ഥാനം പിടിച്ച ഏക ഗോള്‍കീപ്പറും ശ്രീജേഷ് തന്നെയാണ്.
നീന്തലില്‍ പൊതുവെ വലിയ മികവൊന്നും നമുക്ക് ചൂണ്ടിക്കാട്ടാനില്ല. എന്നാല്‍ ഇറ്റലിയില്‍ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗം നീന്തല്‍ മത്സരത്തില്‍ 1:56.38 സെക്കന്റില്‍ ഫിനിഷ് ചെയ്ത്, ഒളിംപ്കിസ് ‘എ കട്ട്’ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ സാജന്‍ പ്രകാശാണ്. ടോക്കിയോ ഒളിംപികിസ്‌നും സാജന്‍ യോഗ്യത നേടിയിരിക്കുകയാണ്. നീന്തല്‍ വിഭാഗത്തിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ 26കാരനാണ്. ഒളിംപിക്‌സ് യോഗ്യതയ്ക്കുള്ള ‘എ കട്ട്’ സമയം 1:56.48 ആയിരുന്നു, സാജന്റെ 1:56.38 എന്ന സമയം. ഇതൊരു ദേശീയ റെക്കോര്‍ഡ് കൂടിയാണ്. 2016 റിയോ ഒളിപിക്‌സിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സാജന്റെ രണ്ടാം ഒളിംപിക്‌സ് കൂടിയാണ് ടോക്കിയോയില്‍ നടക്കുന്നത്.
ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത മലയാളി താരങ്ങളെന്ന നേട്ടം ഷൈനി വില്‍സനും പി.ടി. ഉഷയ്ക്കും മാത്രം അവകാശപ്പെട്ടിട്ടുള്ളതാണ്. ഇരുവരും നാല് ഒളിംപിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1980ല്‍ മോസ്‌കോയില്‍ തുടങ്ങി 1996 ല്‍ തന്റെ 32ാം വയസ്സില്‍, അറ്റ്‌ലാന്റ്യയില്‍ വരെയുള്ള നാല് ഒളിംപിക്‌സുകളിലാണ് പി.ടി ഉഷ പങ്കെടുത്തിട്ടുള്ളത്. ഇടയ്ക്ക് 1988ലെ ബാര്‍സിലോന ഒളിംപിക്‌സാണ് ഉഷയ്ക്ക് നഷ്ടമായിരുന്നത്. 1984ലെ ലോസ് ആഞ്ചല്‍സ് മുതല്‍ അറ്റ്‌ലാന്റ വരെ, തുടര്‍ച്ചയായ നാല് ഒളിംപിക്‌സുകളിലായിരുന്നു ഷൈനിയുടെ പ്രാതിനിധ്യമുണ്ടായിരുന്നത്. പിന്നീടുള്ളവരില്‍ കഴിഞ്ഞ മൂന്ന് ഒളിംപിക്‌സുകളിലും പങ്കെടുത്ത ട്രിപ്പിള്‍ ജമ്പര്‍ രജ്ജിത്ത് മഹേശ്വരിയാണ് മുന്നില്‍. രജ്ജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ഒളിംപിക്‌സാണ് കഴിഞ്ഞ തവണ റിയോയില്‍ നടന്നിരുന്നത്.
ഇത്തവണ കോവിഡ് സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടെയാണ് ടോക്കിയോ ഒളിംപിക്‌സിന് കൊടി ഉയരുന്നത്. ഒളിംപിക്‌സ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒളിംപിക് ഗ്രാമത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വലിയ പരിഭ്രാന്തിക്കും ഇതിനകം തന്നെ കാരണമായിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് ഗ്രാമത്തിന് പുറത്തുള്ള ഹോട്ടലിലാണ്, രോഗം ബാധിച്ചയാളെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. കനത്ത നിരീക്ഷണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിംപിക്‌സ് പ്രമാണിച്ച് ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയും നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.