കൊണ്ടോട്ടി: പ്രതിഷേധം തികച്ചും ജനാധിപത്യപരമായ തീരുമാനമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്നും, അതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ നവകേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ വന്നപ്പോള്‍, രണ്ടു മൂന്നാളുകള്‍ കരിങ്കൊടി വീശിയെന്നും താന്‍ അവരെ കൈവീശിക്കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിനെ ആക്ഷേപിക്കുന്നവര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഏതെല്ലാം തരത്തിലുള്ള എന്തെല്ലാം ആക്ഷേപങ്ങളാണ് വിളിച്ചു പറയുന്നത്. ഈ സദസ്സിനെ അശ്ലീല സദസ്സ് എന്ന് വിളിച്ചു. സാധാരണ ഒരാള്‍ക്ക് അങ്ങനെ വിളിക്കാന്‍ പറ്റുമോ. നിങ്ങള്‍ എല്ലാം എന്ത് അശ്ലീലം കാണിക്കാനാണ് ഇവിടെ വന്നിട്ടുള്ളത്. അപമാനിക്കുകയല്ലേ. ആരെയാണ് അപമാനിക്കുന്നത്. ഞങ്ങളെയാണോ. ബഹുജനങ്ങളെ അല്ലേ. നാടിനെയല്ലേ. കേരളത്തെയല്ലേ. ഞങ്ങളെ അല്ലാലോ അപമാനിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നു. കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്. ഞങ്ങള്‍ക്ക് അതില്‍ പ്രശ്നമൊന്നുമില്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ പറഞ്ഞതെന്താ, വെറുതെ ബസ്സിന്റെ മുന്‍പില്‍ ചാടി ജീവന്‍ കളയാന്‍ നോക്കരുത്. ആ ബസിന്റെ മുന്നില്‍ ചാടുന്നത് കണ്ടപ്പോള്‍ ചിലര്‍ അവരെ തള്ളിമാറ്റി. അല്ലെങ്കില്‍ അപകടം പറ്റും. അത് മാതൃകാപരമായ നടപടി അല്ലേ. ഇപ്പോള്‍ ഞങ്ങള്‍ കാണുന്നുണ്ട്, റോഡിന്റെ സൈഡില്‍ രണ്ടു മൂന്നാളുകള്‍ നില്‍ക്കുന്നു. അവര്‍ മെല്ലെ കറുത്ത കൊടി എടുത്തു വീശുന്നു. ഇന്ന് കാലത്തെ ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു മൂന്നാളുകള്‍ കറുത്തകൊടി വീശി. ഞാനും അവരുടെ നേര്‍ക്ക് കൈവീശി. നടന്നോട്ടെ, ഞങ്ങള്‍ക്കെന്താ. നിങ്ങളെ ജനങ്ങള്‍ വിലയിരുത്തുകയല്ലേ. ഞങ്ങള്‍ക്കെന്താ അതുകൊണ്ട്. നിങ്ങള്‍ ഈ ബസിന്റെ മുന്നില്‍ച്ചാടി ജീവഹാനി വരുത്താന്‍ ശ്രമിച്ചതിനെ ആണല്ലോ ഞങ്ങള്‍ തള്ളിപ്പറഞ്ഞത്. മറ്റേത് നിങ്ങള്‍ നടത്തിക്കോ. നിങ്ങള്‍ കൂടുതല്‍ തുറന്നുകാണിക്കപ്പെടും. നിങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.